 
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാരഥികളായി അച്ഛനും മകളും മത്സരരംഗത്ത്. എ.എ. ലത്തീഫ് ചിതറയിൽ നിന്ന് ഏഴാം അങ്കത്തിനൊരുങ്ങുമ്പോൾ തിരുവനന്തപുരം ജില്ലയിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ പെരുങ്ങമ്മല ഡിവിഷനിലാണ് മകൾ റസിയ കന്നിയങ്കത്തിനിറങ്ങുന്നത്. ചിതറ പഞ്ചായത്തിലെ മാങ്കോട് വാർഡിൽ മത്സരിക്കുന്ന എ.എ. ലത്തീഫ് മൂന്നുതവണ ചിതറയിൽ വിജയക്കൊടി പാറിച്ചിട്ടുണ്ട്. മൂന്നു പ്രാവശ്യം പരാജയപ്പെടുകയും ചെയ്തു. ഇത്തവണ മത്സരത്തിനിറങ്ങുന്നത് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മാങ്കോട് വാർഡിലാണെന്നതാണ് മറ്റൊരു പ്രത്യേകത.
1975ൽ  യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുപ്രവർത്തന രംഗത്തെത്തിയത്. 1977ൽ കോൺഗ്രസിന്റെ മാങ്കോട് വാർഡ് പ്രസിഡന്റായ കൊപ്ര ദിവാകരൻ മുതലാളി നയിച്ച കമ്മിറ്റിയിൽ സെക്രട്ടറിയായി പാർട്ടിപ്രവർത്തനം ആരംഭിച്ചു. കൊപ്ര ദിവാകരൻ മുതലാളിയുടെ പിന്തുണയോടെയാണ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. 1985ൽ ഐ.എൻ.ടി.യു.സി ചിതറ മണ്ഡലം പ്രസിഡന്റായി. എൽ.ഡി.എഫ് പാർട്ടി ഗ്രാമമായ ചിതറയിൽ എ.എ. ലത്തീഫിന്റെ പ്രവർത്തനത്തിലൂടെ യു.ഡി.എഫിന് അനുകൂലമായ തരംഗമുണ്ടാക്കാൻ കഴിഞ്ഞു. തുടർന്നാണ് ചിതറയിലെ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റെന്ന പദവിയും എ.എ. ലത്തീഫിനെ തേടിയെത്തുന്നത്. അക്കാലത്താണ് തൊഴിലാളി മോചന സമരം നടക്കുന്നത്. ചക്കമല മൂന്നുമുക്കിൽ കോൺഗ്രസ് അനുകൂല തൊഴിലാളികളെ മരത്തിൽ കെട്ടിയിട്ട് വൈയ്ക്കോൽ തീറ്റിക്കുകയും കാടിവെള്ളം കുടിപ്പിക്കുകയും ചെയ്തു. എൽ.ഡി.എഫിന്റെ പാർട്ടി ഗ്രാമത്തിൽ ചെന്ന് ഇവരെ മോചിപ്പിക്കാനുള്ള ഉത്തരവാദിത്തം അന്നത്തെ കോൺഗ്രസ് പാർട്ടി നേതാവായ കൊപ്ര ദിവാകരൻ മുതലാളി ഏൽപ്പിച്ചത് മാനസപുത്രനായ എ.എ. ലത്തീഫിനെയായിരുന്നു. തൊഴിലാളികളെ മോചിപ്പിക്കുകയും തുടർന്ന് നടന്ന സംഘർഷത്തിൽ ലത്തീഫ് ഉൾപ്പെടെയുള്ള യുവനേതാക്കൾ നിരവധി കേസുകളിൽ പ്രതിയാവുകയും ചെയ്തു. തുടർന്നാണ് ചിതറയിൽ ആർക്കും പൊതുപ്രവർത്തനം നടത്താം എന്ന സാഹചര്യമുണ്ടായത്.
കൊല്ലം ജില്ലയിലെ കിഴക്കൻ മലയോര മേഖലയായ ചിതറയിൽ 1992ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റായി. പൊതുപ്രവർത്തനം, ജീവകാരുണ്യ പ്രവർത്തനം തുടങ്ങിയവയിലൂടെയാണ് എ.എ. ലത്തീഫ് ചിതറയുടെ മണ്ണിൽ സജീവമായത്. 1988ൽ ഇടത് കോട്ടയായിരുന്ന ചിറവൂറിൽ കന്നിയങ്കത്തിനിറങ്ങി വിജയക്കൊടി പാറിച്ചു.
തുടർച്ചയായ രണ്ടാം വട്ടവും ചിറവൂർ ലത്തീഫിനൊപ്പം നിന്നു. എന്നാൽ 2000ൽ വട്ടമുറ്റം വാർഡിൽ അദ്ദേഹം പരാജയപ്പെട്ടു. ഒരു സീറ്റിന് ചിതറ പഞ്ചായത്തിന്റെ ഭരണം നഷ്ടമായി. എന്നാൽ പുതുശേരിയിൽ എൽ.ഡി.എഫിൽ നിന്ന് വിജയിച്ച രവീന്ദ്രന് സർക്കാർ ജോലി കിട്ടിയതോടെ രവീന്ദ്രൻ മെമ്പർ സ്ഥാനം രാജിവച്ചു. തുടർന്ന് അവിടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ പുതുശേരി വാർഡ് പിടിച്ച് പഞ്ചായത്ത് ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫ് രംഗത്തിറക്കിയത് എ.എ. ലത്തീഫിനെയായിരുന്നു. ശക്തമായ പോരാട്ടത്തിലൂടെ വിജയിച്ച് നഷ്ടപ്പെട്ട ചിതറ പഞ്ചായത്തിന്റെ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് അദ്ദേഹം ചിതറയിൽ നടത്തിയത്. മലയോര മേഖലയായ ചിതറയിൽ നിരവധി റോഡുകളുടെ നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ചു. ഈ പ്രദേശങ്ങളിൽ വൈദ്യുതി എത്തിച്ചതും കുടിവെള്ള പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയതും ലത്തീഫിന്റെ ശ്രമഫലമായാണ്. ഗ്രാമ പഞ്ചായത്തിന്റെ വികസനത്തിന് തുച്ഛമായ ഫണ്ട് ലഭിച്ചിരുന്ന സമയത്താണ് ഈ വികസന പ്രവർത്തനങ്ങൾ നടത്തിയതെന്നതാണ് ശ്രദ്ധേയം.
2010ലും 2015ലും അദ്ദേഹം പരാജയപ്പെട്ടു. പ്രളയം, നിപ്പ, കൊവിഡ് എന്നീ പ്രതിസന്ധികളിൽ ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി. കൊവിഡിനെ തുടർന്ന് വിദ്യാഭ്യാസം ഓൺലൈനായി മാറിയപ്പോൾ അതിന് സൗകര്യമില്ലാത്ത നൂറുകണക്കിന് വിദ്യാർത്ഥികൾക്ക് ടെലിവിഷനും മറ്റ് പഠനോപകരണങ്ങളും എത്തിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ചിതറയിലെത്തി താമസിക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പോലും ടെലിവിഷൻ നൽകി. ചിതറയിലെ ആധാരം എഴുത്ത് സ്ഥാപനത്തിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്കാണ് പെതുപ്രവർത്തനത്തിനും ജീവകാരുണ്യ പ്രവർത്തനത്തിനുമായി ചെലവഴിക്കുന്നത്.