
കൊല്ലം: ഹൃദയത്തിൽ പച്ചപ്പ് ചാലിച്ച്, വിപ്ളവത്തിന്റെ ചെങ്കൊടിയേന്തിയാണ് ഇടയ്ക്കിടത്തുകാരുടെ ബാബുസാറെന്ന ആർ.ബാബു പൊതുപ്രവർത്തന രംഗത്ത് ഇത്രകാലവും സജീവമായി നിന്നത്. കരീപ്ര ഗ്രാമപഞ്ചായത്തിലെ ഇടയ്ക്കിടം പ്രദേശത്ത് വികസനത്തിന്റെ നാമ്പുകൾ കിളിർത്തപ്പോഴൊക്കെ അതിന്റെ പിന്നിലും മുന്നിലും ആർ.ബാബുവിന്റെ സാന്നിദ്ധ്യവും സംരക്ഷണവുമുണ്ടായിരുന്നുവെന്ന് ഈ നാട്ടുകാർക്ക് സുവ്യക്തമാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷര മധുരം പകർന്നുകൊടുത്തശേഷം ജീവിത സായാഹ്നത്തിൽ ആർ.ബാബു ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നത് ശുഭപ്രതീക്ഷയോടെയാണ്. ശത്രുക്കളെ സൃഷ്ടിക്കാതെ പൊതുപ്രവർത്തനം നടത്തിയ നാല് പതിറ്റാണ്ടിന്റെ അംഗീകാരമാണ് ആ പ്രതീക്ഷകൾ ശരിവയ്ക്കുന്നത്. നീണ്ട മുപ്പത്തെട്ട് വർഷക്കാലമായി സി.പി.എം പാർട്ടി മെമ്പറായിരുന്നു. സി.പി.എം കരീപ്ര ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ഏരിയ കമ്മിറ്റി അംഗവും ഗ്രന്ഥശാല സെക്രട്ടറിയുമായിരുന്നു. ദീർഘനാളായി നടമേൽ ബ്രാഞ്ച് കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രദേശത്തെ വികസനപ്രവർത്തനങ്ങളെ ചലിപ്പിക്കുവാൻ ഇടപെട്ടു. ഇടയ്ക്കിടത്ത് ഗവ.ആയൂർവേദ ആശുപത്രി കൊണ്ടുവന്നത് ആ നേതൃപാഠവത്തിന്റെ നേരനുഭവമായിരുന്നുവെന്ന് ഇന്നാട്ടുകാർ പറയാറുണ്ട്. വായനശാലയുടെ സെക്രട്ടറിയായി ഗുണകരമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടപ്പാക്കാനുമായി. കുട്ടികൾക്കുവേണ്ടി നൃത്തം, തബല, സംഗീതം, ചിത്രകല പഠനങ്ങൾക്ക് സംവിധാനമൊരുക്കിനൽകി. എം.പി ഫണ്ടിൽ നിന്നും തുക അനുവദിപ്പിച്ച് ലൈബ്രറിയ്ക്ക് കെട്ടിടം നിർമ്മിച്ചു. വൈദ്യുതി ബോർഡിന്റെ ഓഫീസ് തുടങ്ങാൻ സ്ഥലം നൽകി. അങ്ങിനെ ചെറുതും വലുതുമായി ഒട്ടേറെ കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു.
ജീവിതപ്രാരാബ്ധങ്ങളോട് പടവെട്ടി....
കരീപ്ര ഇടയ്ക്കിടം തിരുവാതിരയിൽ ആർ.ബാബു ജീവിത പ്രാരാബ്ധങ്ങളോട് പടവെട്ടി കടന്നുവന്നയാളാണ്. കൃഷിക്കാരനായിരുന്ന പിതാവ് എൻ.രവീന്ദ്രൻ സി.പി.എമ്മിന്റെ ഇടയ്ക്കിടത്തെ ആദ്യ ബ്രാഞ്ച് കമ്മിറ്റി സെക്രട്ടറിയുമായിരുന്നു. രവീന്ദ്രന്റെയും ദേവകിയുടെ അഞ്ച് മക്കളിൽ നാലാമത്തെയാളാണ് ബാബു. അമ്മ കശുഅണ്ടി തൊഴിലാളിയായിരുന്നു. മണ്ണിൽ ഹൃദയം ചേർത്തുവച്ച് പൊന്നുവിളയിച്ച രവീന്ദ്രൻ ശരീരം തളർന്ന് കിടപ്പായതോടെ കുടുംബത്തിന്റെ താളം തെറ്റി. ബാബു അന്ന് പത്താം ക്ളാസ് പഠനം കഴിഞ്ഞ് കെ.ജി.സി.ഇ ഇലക്ട്രിക്കൽ എൻജിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അച്ഛൻ കിടക്കയിലായതോടെ അമ്മയുടെ കഷ്ടപ്പാടുകൾ ഉള്ളുനീറ്റി. അരിയും സാധനങ്ങളും വാങ്ങാനായി കൊട്ടയുമായി കടയിലേക്ക് പോയ അമ്മ കാലിക്കൊട്ടയുമായി തിരികെ വന്നപ്പോൾ ഇനി ആരും കടംതരില്ലെന്ന സത്യം ബോദ്ധ്യപ്പെട്ടു. കുടുംബത്തിന്റെ പട്ടിണിമാറ്റാൻ അങ്ങിനെ പതിനാറാം വയസിൽ ബാബു കനാൽ പണിക്കിറങ്ങി. കനാൽ പണിയുടെ കരാറുകാരൻ ആദ്യം പണികൊടുത്തില്ല, എന്നാൽ സി.ഐ.ടി.യുവിന്റെ യൂണിയനുണ്ടാക്കി ബാബു പണിക്കിറങ്ങി. ബുൾഡോസർ വച്ച് പണി ചെയ്യിക്കാനുള്ള കരാറുകാരന്റെ നീക്കം തടഞ്ഞതൊക്കെ അന്ന് വലിയ ഒച്ചപ്പാടുകളുണ്ടാക്കി. പണികഴിഞ്ഞെത്തിയാൽ കടയ്ക്കോട് പബ്ളിക് ലൈബ്രറിയിലെ പുസ്തകങ്ങളെടുത്ത് വായിക്കാൻ തുടങ്ങി. വായന ബാബുവിനെ മുന്നോട്ടുള്ള പ്രയാണത്തിന് പരുവപ്പെടുത്തി. വീണ്ടും പഠിക്കാനിറങ്ങി. എഴുകോൺ വിദ്യാപീഠത്തിൽ നിന്നും സംസ്കൃത പി.ഡി.സി ഒന്നാം റാങ്കോട് വിജയിച്ചു. അഗ്രികൾച്ചർ ലോവറും സംസ്കൃത അദ്ധ്യാപക പരീക്ഷയും പാസായി. രാവിലെ മാവില പാറമടയിൽ തമിരടിക്കാനും മെറ്റലടിക്കാനും പോയശേഷമാണ് പഠിക്കാൻ പോയിരുന്നത്. വൈകിട്ടും പാറമടയിലെ പണിക്ക് പോകും. ഇടയ്ക്ക് തൊടിപ്പണിയ്ക്കും പോയി. അച്ഛന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവന്നത് അൽപം ആശ്വാസമായി. മൂന്ന് സഹോദരിമാരും കശുഅണ്ടി ഫാക്ടറിയിൽ ജോലിയ്ക്ക് പോയിത്തുടങ്ങി. അനുജൻ കൂലിപ്പണിയ്ക്കും പോയി. അതോടെ കുടുംബത്തിന്റെ പട്ടിണി അകന്നു. ബാബുവിന് ആയൂർവേദ മെഡിസിനും എൽ.എൽ.ബിയ്ക്കും അഡ്മിഷൻ തരപ്പെട്ടുവെങ്കിലും എസ്.എൻ.കോളേജിൽ ഡിഗ്രിയ്ക്ക് ചേർന്നു. രാവിലെ പാറമടയിൽ തമിരടിച്ച ശേഷമായിരുന്നു കോളേജിലേക്കുള്ള പോക്ക്. കൊട്ടാരക്കരയിൽ ടി.ടി.സിയ്ക്ക് അഡ്മിഷൻ ലഭിച്ചതോടെ ബിരുദ പഠനം തൽക്കാലം നിർത്തി. തമിരടിച്ചുണ്ടാക്കിയ സമ്പാദ്യം ചേർത്ത് പാറമടയുടെ ഒരു ഭാഗം വിലയ്ക്കുവാങ്ങി. ആറുമാസത്തോളം പണി ചെയ്യിച്ചപ്പോൾ കുറച്ച് മിച്ചമുണ്ടായി ഇതിലൂടെയാണ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് അഞ്ചാലുംമൂട് തൃക്കരുവ സംസ്കൃത ഹൈസ്കൂളിൽ യു.പി അദ്ധ്യാപകനായി സർവ്വീസിൽ പ്രവേശിച്ചത്. ഒരു വർഷത്തിന് ശേഷം നാട്ടുകാരിയായ ലൈലയെ വിവാഹം കഴിച്ചു. തൃക്കരുവ എസ്.എൻ.വി സംസ്കൃത ഹൈസ്കൂളിൽ അദ്ധ്യാപികയായി ലൈലയും ജോലിയിൽ പ്രവേശിച്ചു.
കൃഷിയാണ് എല്ലാം
പൊതുജീവിതത്തിലും അദ്ധ്യാപക ജോലിയിലുമൊക്കെയായി ഒട്ടേറെ തിരക്കുകളുണ്ടെങ്കിലും കൃഷിയ്ക്കുവേണ്ടി ഏറെ സമയം കണ്ടെത്തുന്നതാണ് ബാബുവിന്റെ രീതി. അച്ഛൻ പകർന്നുനൽകിയ കാർഷിക പാഠമുൾക്കൊണ്ടാണ് മണ്ണിലേക്കിറങ്ങിയത്. വെറ്റില, ചേന, കാച്ചിൽ, വാഴ, പച്ചക്കറികൾ തുടങ്ങി എല്ലാ കൃഷിവിളകളുമുണ്ട് ബാബുവിന്റെ പറമ്പിൽ. മികച്ച കർഷനുള്ള അവാർഡും ലഭിച്ചിരുന്നു. കൃഷിയിലൂടെ ലഭിക്കുന്ന വരുമാനം മാത്രമേ വീട്ടുചിലവിന് ഉപയോഗിക്കുള്ളൂവെന്ന തീരുമാനം ഏറെ ഗുണം ചെയ്തിട്ടുമുണ്ട്. മക്കൾ ഗാർഗിയും ഋദുജയും അച്ഛന്റെ കൃഷിപാഠം ഉൾക്കൊള്ളുന്നവരുമാണ്.
ഈ തിരഞ്ഞെടുപ്പിൽ...
2020 മാർച്ചിൽ അദ്ധ്യാപക വൃത്തിയിൽ നിന്നും ആർ.ബാബു പടിയിറങ്ങിയപ്പോൾ സുഹൃത്തുക്കളും പാർട്ടി പ്രവർത്തകരും ഉപദേശിച്ചതാണ് വരുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന്. പാർട്ടിയ്ക്കുള്ളിൽ നല്ലൊരു വിഭാഗത്തിന്റെ പിന്തുണ ലഭിച്ചുവെങ്കിലും അപ്രതീക്ഷിതമായി മറ്റൊരാൾ സ്ഥാനാർത്ഥിയായി. സംഘടനാ നിർദ്ദേശങ്ങൾക്കപ്പുറമാണ് ആ തീരുമാനമെന്നതുകൊണ്ടുതന്നെ ബാബു സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നാടിന്റെ ജനകീയ പിന്തുണ ആത്മവിശ്വാസം പകർന്നു. ഇടയ്ക്കിടത്തിന്റെ വികസന വഴിതെളിയ്ക്കാൻ ബാബു ആപ്പിൾ ചിഹ്നത്തിൽ വോട്ടുചോദിച്ചിറങ്ങുന്നത് കന്നിയങ്കക്കാരന്റെ ശങ്കകളില്ലാതെയാണ്.