
കൊല്ലം: നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളെക്കാൾ ടെൻഷനാണ് മൂന്ന് മുന്നണികളുടെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ അമരക്കാർക്ക്. ഒന്ന് നന്നായി ഉറങ്ങണമെങ്കിൽ ഇനി തിരഞ്ഞെടുപ്പ് കഴിയണം.
ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയാണ് നഗരസഭയിലെ യു.ഡി.എഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ. വരദരാജനാണ് എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ. ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാറാണ് എൻ.ഡി.എ നഗരസഭാ സമിതിയുടെ ചെയർമാൻ.
സ്ഥാനാർത്ഥികൾക്ക് സ്വന്തം വിജയത്തിനായി മാത്രം പ്രവർത്തിച്ചാൽ മതിയെങ്കിൽ തിരഞ്ഞെടുപ്പ് സമിതികളുടെ അമരക്കാർക്ക് എല്ലാ സ്ഥാനാർത്ഥികളുടെയും വിജയം ഉറപ്പാക്കണം. അതിന് ഡിവിഷനുകളിലെ പൾസ് കൃത്യമായി മനസിലാക്കണം. തങ്ങളുടെ സ്ഥാനാർത്ഥി പിന്നിലാണെങ്കിൽ അത് മറികടക്കാനുള്ള തന്ത്രങ്ങളും കുതന്ത്രങ്ങളും മെനയണം. പ്രചാരണത്തിൽ ഉഴപ്പി നിൽക്കുന്ന പാർട്ടി പ്രവർത്തകരെ സജീവമാക്കണം.
ചിലയിടങ്ങളിൽ മുന്നണിക്കുള്ളിലും പ്രശ്നങ്ങളുണ്ടാകും. സ്ഥാനാർത്ഥി തങ്ങളുടേതല്ലെങ്കിൽ മറ്റ് ഘടകക്ഷികളുടെ പ്രവർത്തകർ സജീവമാകില്ല. ചിലപ്പോൾ രഹസ്യമായി എതിർമുന്നണി സ്ഥാനാർത്ഥിക്ക് സഹായവും ചെയ്തേക്കും. ഇതെല്ലാം മണത്തറിയണം. പരാതികളെത്തിയാൽ രമ്യമായി പരിഹരിക്കണം. നഗരത്തിലെത്തുന്ന നേതാക്കളുടെ പര്യടന പരിപാടികൾ നിശ്ചയിക്കണം. ചിലപ്പോൾ ഒപ്പം സഞ്ചരിക്കേണ്ടിയും വരും. ഇതിനെല്ലാം പുറമേയാണ് പ്രചാരണത്തിനുള്ള സമ്പത്ത് കണ്ടെത്തൽ. പണമില്ലെങ്കിൽ സ്ഥാനാർത്ഥി എത്ര കേമനാണെങ്കിലും പ്രചാരണം പാളും.
തിരഞ്ഞെടുപ്പ് ഫലം മോശമായാൽ ജില്ലയിലെ പാർട്ടിക്ക് മുന്നിലും സംസ്ഥാന നേതൃത്വത്തിന് മുന്നിലും മറുപടി പറയേണ്ടി വരുന്നതും ഇവരാണ്. മിന്നുന്ന വിജയമാണെങ്കിൽ അതിന്റെ ക്രെഡിറ്റും സ്വന്തം പേരിലാകും. അതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളെക്കാൾ മുൾമുനയിലാണ് തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ അമരക്കാർ. ഇനി പോളിംഗ് കഴിഞ്ഞാലും ഫലം വരുന്നത് വരെ നെഞ്ചിടിപ്പ് തുടരും.