abin

നാടിന്റെ നായകനാകാൻ ജനവിധി തേടുകയാണ് മനസ് നിറയെ നന്മയും കാരുണ്യവും കുന്നോളമുള്ള യുവനേതാവ് ആർ.എസ്. അബിൻ. മയ്യനാട് പഞ്ചായത്ത് 16-ാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായാണ് അബിൻ.

2010ൽ ഇതേ വാർഡുകാർ ആർ.എസ്. അബിനെ ഹൃദയം കൊണ്ട് പിന്തുണച്ച് വിജയിപ്പിച്ചിരുന്നു. പിന്നീടുള്ള അബിന്റെ നിമിഷങ്ങൾ നാടിന് വേണ്ടിയായിരുന്നു. മരുന്ന് വാങ്ങാൻ പണമില്ലാത്ത കാൻസർ ബാധിതരും കിഡ്നി രോഗികളുമായ നിരവധിപേർ വാർഡിലുണ്ട്. അവരെ സഹായിക്കാൻ സർക്കാർ പദ്ധതികളുമില്ല. അബിൻ കുടുംബശ്രീ പ്രവർത്തകർക്ക് മുന്നിൽ ഒരു അപേക്ഷ വച്ചു. നിങ്ങൾ വാർഷികത്തിനായി മാസം തോറും നീക്കിവയ്ക്കുന്ന തുക പാവങ്ങൾക്ക് മരുന്ന് വാങ്ങാനായി നൽകണം. പകരം നിങ്ങളുടെ വാർഷികം ഞാൻ കെങ്കേമമാക്കും. കുടുംബശ്രീ പ്രവർത്തകർ അബിന്റെ അപേക്ഷ സ്വീകരിച്ചു. അങ്ങനെ പാവങ്ങൾക്ക് ആശ്രയമായി സാന്ത്വനം പദ്ധതി പിറന്നു. വാർഡിലെ 30 ഓളം പാവപ്പെട്ട രോഗികൾക്ക് പദ്ധതിയിലൂടെ എല്ലാ മാസവും മരുന്ന് വാങ്ങാൻ പണം നൽകി. പകരം കുടുംബശ്രീ വാർഷികം അബിൻ സ്വപ്നതുല്യമായി സംഘടിപ്പിച്ചു.

 കണ്ണാടിപോലെ റോഡുകൾ

വാർഡിലെ എല്ലാ റോഡുകളും കണ്ണാടി പോലെയാക്കി. അക്കാലത്താണ് ഉമ്മൻചാണ്ടിയുടെ ജനസമ്പർക്ക പരിപാടി. സമീപവാർഡുകളിലേതടക്കം നൂറ് കണക്കിന് പേർക്കാണ് അന്ന് സാമ്പത്തിക സഹായം മുഖ്യമന്ത്രിയിൽ നിന്ന് സഹായം ലഭ്യമാക്കിയത്. അഞ്ച് വർഷത്തിൽ മൂന്ന് തവണയും കേരളോത്സവം 16-ാം വാർഡിലായിരുന്നു. ക്ലബുകൾക്കെല്ലാം സ്പോർട്സ് കിറ്റുകൾ ലഭ്യമാക്കി. തെരുവ് വിളക്കളുടെ അറ്റകുറ്റപ്പണി കൃത്യമാക്കി. സുനാമി ഫ്ലാറ്റിൽ വെള്ളവും വെളിച്ചവും റോഡും എത്തിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ നൂറ് ദിവസം തൊഴിൽനൽകി.

വീടും ഭൂമിയും അടക്കമുള്ള ആനുകൂല്യങ്ങൾ രാഷട്രീയം നോക്കാതെ അർഹരായവർക്ക് ലഭ്യമാക്കി. അതുകൊണ്ട് അക്കാലത്ത് ആനുകൂല്യങ്ങൾ ലഭിച്ചവരിൽ അധികവും എതിർപാർട്ടിക്കാരായിരുന്നു. കാരിക്കുഴി പാലം തകർന്നപ്പോൾ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് പുനർനിർമ്മിച്ചു. പാലത്തിന്റെ വീതികൂട്ടലിന് സ്ഥലമേറ്റെടുക്കാൻ മുൻകൈയെടുത്തത് അബിനായിരുന്നു.

 നഷ്ടങ്ങളുടെ കഴിഞ്ഞ അഞ്ചാണ്ട്

തൊട്ടുമുൻപുള്ള അഞ്ച് വർഷക്കാലം താനുണ്ടാക്കിയ മുന്നേറ്റങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ തകർന്നുവെന്ന് അബിൻ പറയുന്നു. സാന്ത്വനം പദ്ധതി നിറുത്തി. റോഡുകളെല്ലാം തകർന്നു. കേരളോത്സവം ഒരു തവണ പോലും വാർഡിൽ എത്തിയില്ല. ഒരു ക്ലബിനും സ്പോർട്സ് കിറ്റ് ലഭിച്ചില്ല. ചുരുക്കം പേർക്കാണ് വീടും ഭൂമിയും ലഭിച്ചത്. ആനുകൂല്യങ്ങൾക്ക് ഇഷ്ടക്കാർക്ക് മാത്രമായി. സുനാമി ഫ്ലാറ്റിൽ ഒന്നും ചെയ്തില്ല.

 അബിന്റെ സ്വപ്നങ്ങൾ

പക്ഷപാതമില്ലാതെ ആനുകൂല്യ വിതരണം

എല്ലാവർക്കും വീടുള്ള ഗ്രാമം

സാന്ത്വനം പദ്ധതി പുനരാരംഭിക്കും

കുടിവെള്ള ക്ഷാമമുള്ള മേഖലയിൽ കുടിവെള്ള പദ്ധതി

സുനാമി കോളനിയുടെ സമഗ്രവികസനം

റോഡുകളുടെ പുനർനിർമ്മാണം

വിദ്യാർത്ഥികൾക്ക് പഠനസഹായം

കേരളോത്സവവും സ്പോർട്സ് കിറ്റും

സ്ത്രീകൾക്ക് സ്വയംതൊഴിൽ പദ്ധതി

കാരിക്കുഴിയിൽ ഏലയിൽ കൃഷിയിറക്കാൻ സഹായം

വിളക്ക് മരം പാലവും വയലിൽമാടൻനട പാലവും വീതി കൂട്ടി പുനർനിർമ്മിക്കും

അങ്കണവാടികൾക്ക് സ്വന്തം കെട്ടിടം

 അധികാരമില്ലാത്ത ജനപ്രതിനിധി

കഴിഞ്ഞ അഞ്ചുവർഷം അധികാര സ്ഥാനങ്ങളൊന്നും ഇല്ലെങ്കിലും ജനപ്രതിനിധിയെപ്പോലെയായിരുന്നു അബിൻ. ലോക്ക്ഡൗൺ കാലത്ത് യൂത്ത് കെയറിന്റെ നേതൃത്വത്തിൽ ആയിരങ്ങൾക്ക് പൊതിച്ചോറ് നൽകി. കൂടാതെ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ എത്തിച്ചു. 30 വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി. പ്രളയകാലത്ത് വെള്ളം കയറിയ വാർഡിലെ 300 കുടുബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും നൽകി. കൊവിഡ് കാലത്ത് സുനാമി കോളനിയിൽ സഹായവുമായി എത്തിയപ്പോൾ ഒരുകൂട്ടർ തടഞ്ഞത് അബിന്റെ മനസിൽ വേദനയായി ഇപ്പോഴമുണ്ട്.

കൊല്ലം എസ്.എൻ കോളേജിലെ പഠനകാലത്ത് കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ. പിന്നീട് യൂത്ത് കോൺഗ്രസ് സമരങ്ങളിലെ മുന്നണി പോരാളി. സ്വാശ്രയ ഫീസ് വർദ്ധനവിനെതിരായ സമരത്തിൽ പൊലീസിന്റെ ക്രൂര മർദ്ദനമേറ്റു. രജിസ്ട്രേഷൻ ഫീസ് വർദ്ധനവിനെതിരായ സമരത്തിൽ ജയിലിൽ അടയ്ക്കപ്പെട്ടു. ഇപ്പോൾ ജില്ലയിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടി വിജയിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. പി.എസ്.സി നിയമനങ്ങളിലെ സ്തംഭനാവസ്ഥയ്ക്കെതിരെ തിരുവോണ നാളിൽ പട്ടിണികിടന്നു.