 
കൊല്ലം: ഒറ്റക്കാലിൽ ഒറ്റമുറി വീട്ടിൽ ജീവിത ദുരിതങ്ങളുമായി മല്ലടിച്ച മോഹനന് ഗാന്ധിഭവൻ അഭയമായി. എഴുകോൺ കൊച്ചാഞ്ഞിലിമൂട് പുതുശേരിക്കോണം ചരുവിള വീട്ടിൽ മോഹനനാണ്(54) ഒന്നര വർഷത്തിലധികമായി ദുരിത ജീവിതം നയിച്ചുവന്നത്. അവിവാഹിതനായ മോഹനൻ സഹോദരിയുടെ വീട്ടിലായിരുന്നു മുൻപ് താമസിച്ചിരുന്നത്. കടുത്ത പ്രമേഹത്തെത്തുടർന്ന് രണ്ട് വർഷം മുൻപ് മോഹനന്റെ വലതുകാൽ മുറിച്ചുനീക്കേണ്ടി വന്നു. ഇതിന് ശേഷം ഒറ്റമുറിയ്ക്കൊരു ഷെഡ് പണിത് ഇദ്ദേഹത്തെ അവിടേക്ക് മാറ്റി. പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യം പോലുമില്ലാത്ത ഷെഡിൽ തീർത്തും ബുദ്ധിമുട്ടിലായിരുന്ന മോഹനന്റെ ദുരിതാവസ്ഥ അറിഞ്ഞതിനെ തുടർന്നാണ് ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ മോഹനനെ ഏറ്റെടുക്കാമെന്ന് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ കരീപ്രയിലെ ഗാന്ധിഭവൻ ശരണാലയത്തിന്റെ ചുമതലക്കാർ മോഹനന്റെ വീട്ടിലെത്തി. മുൻ ബ്ളോക്ക് പഞ്ചായത്തംഗം രതീഷ് കിളിത്തട്ടിൽ,മുൻ പഞ്ചായത്ത് പ്രസിഡന്റ് അംബിക സുരേന്ദ്രൻ, കോട്ടാത്തല ശ്രീകുമാർ, ലീലാകൃഷ്ണൻ, ബാബുരാജൻ, സുമരാജ്, സനൽകുമാർ, കെ.എസ്.ശ്യാംകുമാർ, ബിജു, ഉണ്ണിക്കൃഷ്ണപിള്ള, കെ.പി.വിജയൻ, സില്ലാമ്മ എന്നിവരുടെയും ബന്ധുക്കളുടെയും എഴുകോൺ പൊലീസിന്റെയും സാന്നിദ്ധ്യത്തിൽ മോഹനനെ ഏറ്റെടുത്തു. തുടർന്ന് കൊട്ടാരക്കരയിൽ കൊവിഡ് പരിശോധനയ്ക്ക് ശേഷം ശരണാലയത്തിന്റെ സംരക്ഷണത്തിലെത്തിച്ചു. മോഹനന് ചികിത്സയും ആഹാരവുമടക്കം എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കുമെന്ന് ശരണാലയം അധികൃതർ അറിയിച്ചു.കരീപ്ര ശരണാലയം മാനേജർ അരവിന്ദാക്ഷൻ, എഴുകോൺ ജനമൈത്രി പൊലീസ് എസ്.ഐ വൈ.സജി, സിവിൽ പൊലീസ് ഓഫീസർ ടി.എ.ബിജു എന്നിവർ പങ്കെടുത്തു.