കരുനാഗപ്പള്ളി: പ്രഥമ നഗരസഭയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന ടി.പി.സലിംകുമാറും കഴിഞ്ഞ നഗരസഭാ ഭരണത്തിലെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്ന പി.ശിവരാജനും തമ്മിൽ മത്സരിക്കുന്ന 35-ം ഡിവിഷൻ ജനശ്രദ്ധ ആകർഷിക്കുന്നു. 35 വർഷമായി യു.ഡി.എഫ് കൈവശം വയ്ക്കുന്ന ഡിവിഷൻ പിടിച്ചെടുക്കാനാണ് എൽ.ഡി.എഫ് പി.ശിവരാജനെ രംഗത്ത് ഇറക്കിയിരിക്കുന്നത്. രണ്ട് പ്രാവശ്യമായി അദ്ദേഹം നഗരസഭയിൽ അംഗമാണ്. ഡിവിഷൻ നിലനിറുത്താൻ യു.ഡി.എഫ് തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങി. തുടക്കം മുതൽ സലിംകുമാറിന്റെ മാതാപിതാക്കളും ഭാര്യയുമാണ് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്.മൊത്തം 1620 വോട്ടർമാരാണുള്ളത്. ആലുംകടവിലെ ബോധോദയം ഗ്രന്ഥശാലയിലാണ് ബൂത്തുകൾ. 32 വർഷം ആർമിയിൽ സേവനം അനുഷ്ഠിച്ച പി.ശിവരാജൻ തുറയിൽകുന്ന് എസ്.എൻ. യു.പി സ്കൂളിലെ സെക്രട്ടറിയും എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പറുമാണ്. ടി.പി സലിംകുമാർ കോൺഗ്രസ് കരുനാഗപ്പള്ളി മുൻസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റും കരുനാഗപ്പള്ളി കോടതിയിലെ അഭിഭാഷകനുമാണ്.