
നവംബറിലെ വിതരണം പൂർത്തിയായില്ല
കൊല്ലം: ക്രിസ്‌മ്സ് കിറ്റ് വിതരണം ആരംഭിച്ചിട്ടും നവംബർ മാസത്തെ കിറ്റ് വിതരണം റേഷൻ കടകൾ വഴി പൂർത്തിയായില്ല. നോൺ പ്രയോറിറ്റി (വെള്ള കാർഡ്), സബ്സിഡി ( നീല കാർഡ്) വിഭാഗങ്ങൾക്ക് നവംബറിലെ കിറ്റുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിന് ക്രിസ്‌മസ് കിറ്റ് വിതരണം ഈ മാസം മൂന്നിന് ആരംഭിച്ചിരുന്നു. ക്രിസ്‌മസ് കിറ്റുകളുടെ വിതരണം പൂർത്തിയായ ശേഷം നവംബർ മാസത്തെ കിറ്റുകൾ വിതരണം ചെയ്യാനാണ് ധാരണ.
പഞ്ചസാര, നുറുക്ക് ഗോതമ്പ്, കടല, വെളിച്ചെണ്ണ, മുളകുപൊടി, ചെറുപയർ, തുവര പരിപ്പ്, തേയില, ഉഴുന്ന് എന്നിവയാണ് ക്രിസ്‌മസ് കിറ്രിലുള്ളത്. മുൻ മാസങ്ങളിലെ കിറ്റിലേക്കാൾ കൂടുതൽ സാധനങ്ങൾ ഇത്തവണയുണ്ട്. ഖാദി മാസ്ക് കൂടി ക്രിസ്മസ് കിറ്റിനൊപ്പം നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും അവ പിന്നീട് വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചിരുന്നു.
സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലെ കിറ്റ് വിതരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുകയാണ് വിനിയോഗിച്ചിരുന്നത്. ക്രിസ്മസ് കിറ്റ് വിതരണത്തിനായി ബഡ്‌ജറ്റ് വിഹിതത്തിൽ നിന്ന് കൂടിയാണ് തുക കണ്ടെത്തിയത്. ഒക്ടോബറിലെ കിറ്റ് ഇന്നലെ വരെ റേഷൻ കടകൾ വഴി വാങ്ങാമെന്ന് അറിയിച്ചിരുന്നെങ്കിലും ഇന്നലെ കടകളിൽ എത്തിയ പലർക്കും കിറ്റ് ലഭിച്ചില്ല.
ക്രിസ്‌മസ് കിറ്റ് വിതരണം നടക്കുന്നതിനാൽ റേഷൻ കടകളിൽ സാധാരണ കിറ്റുകൾ ഇല്ലാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. ഇത്തരക്കാർക്ക് ഇനി ഒക്ടോബർ മാസത്തെ കിറ്റുകൾ ലഭിക്കുന്നത് സംബന്ധിച്ച് വ്യക്തത നൽകാൻ വകുപ്പ് ഉദ്യോഗസ്ഥർക്കും കഴിഞ്ഞിട്ടില്ല.
ജില്ലയിലെ റേഷൻ കടകൾ : 1418
കാർഡ് ഉടമകൾ : 7, 57,795