 
പുനലൂർ:കൊല്ലം-തിരുമംഗലം ദേശീയ പാതയും പുനലൂർ-അഞ്ചൽ പാതയും സംഗമിക്കുന്ന പുനലൂരിലെ നഗരമദ്ധ്യത്തിൽ ട്രാഫിക്ക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പുനലൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ അവസാനിക്കുന്ന മലയോര ഹൈവേ റോഡും സമീപത്തെ ദേശീയ പാതയും സംഘമിക്കുന്ന വളവിലെ ജംഗ്ഷനിലാണ് പുതീയ ട്രാഫിക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
 ദേശീയ പാത നവീകരിച്ചതിനൊപ്പം മലയോര ഹൈവേയുടെ പണികളുമായി ബന്ധപ്പെട്ട് ബസ് സ്റ്റാൻഡിനോട് ചേർന്ന വൺവേ റോഡ് മണ്ണിട്ട് ഉയർത്തി. ഇത് കാരണം അഞ്ചൽ-പുനലൂർ റോഡും വൺവേ റോഡും ദേശീയ പാതയുടെ നിരപ്പിലെത്തിയത് മൂലം ഇവിടെ അപകടം ഒഴിവാക്കാനാണ് പുതിയ ട്രാഫിക്ക് ഐലൻഡ് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്.
ട്രാഫിക് ഐലൻഡ് സ്ഥാപിക്കണം
നേരത്തെ കിഴക്ക് ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങൾ വൺവേ റോഡ് വഴി അഞ്ചൽ ഭാഗത്തേക്കും അഞ്ചൽ ഭാഗത്ത് നിന്ന് എത്തുന്ന വാഹനങ്ങൾ ബസ് സ്റ്റാൻഡിന് മുന്നിലൂടെയുള്ള റോഡ് വഴി ദേശീയ പാതയിലും എത്തിയിരുന്നു.
 ഇവിടെ വൺവേ റോഡും ദേശീയ പാതയും തമ്മിൽ വേർതിരിച്ച് സംരക്ഷണ ഭിത്തിയും നിർമ്മിച്ചിരുന്നു.എന്നാൽ ഇപ്പോൾ വൺവേ റോഡ് അടക്കമുളള മൂന്ന് റോഡുകളും ഒരേ നിരപ്പിൽ എത്തിയെങ്കിലും വാഹനങ്ങൾ ഏത് ദിശയിലൂടെ കടന്ന് പോകണമെന്ന് അറിയാതെ ആശങ്കപ്പെടുകയാണ് ഡ്രൈവർമാർ.
മുന്ന് റോഡുകളും സംഘമിക്കുന്നതിന്റെ മദ്ധ്യഭാഗത്ത് ഇലക്ട്രിക് പോസ്റ്റുകളും സി.സി.ടി.വി കാമറകളും സ്ഥാപിച്ച ശേഷം സീബ്രാ ലൈനുകൾ വരച്ചിട്ടുണ്ട്.എന്നാൽ ബസ് സ്റ്റാൻഡ്, അഞ്ചൽ ഭാഗങ്ങളിൽ നിന്നും കിഴക്കോട്ടും പത്തനാപുരം, തെന്മല ഭാഗങ്ങളിൽ നിന്നും തേക്കോട്ടും പോകേണ്ട വാഹനങ്ങൾ ട്രാഫിക് ഐലൻഡ് സ്ഥാപിക്കാത്തത് കാരണം റോഡിലെ വളവ് തിരിയുമ്പോൾ ഏത് ദിശകളിലൂടെ കടന്ന് പോകണമെന്നറിയാതെ കടുത്ത ആശങ്കയിലാണ്.
യാത്രക്കാർ ആശങ്കയിൽ
രണ്ട് ദിശകളിൽ നിന്നും കടന്ന് വരുന്ന വാഹനങ്ങൾ പരസ്പരം കൂട്ടി മുട്ടുമോ എന്ന് വാഹനയാത്രക്കാർ ഭയപ്പെടുകയാണ്.എന്നാൽ മലയോര ഹൈവേയുടെ നിർമ്മാണം വേളയിൽ സീബ്രാ ലൈൻ വരച്ച പാതകളുടെ മദ്ധ്യഭാഗത്ത് ട്രാഫിക് ഐലൻറ് സ്ഥാപിച്ചിരുന്നെങ്കിൽ വാഹന യാത്രക്കാരുടെ ആശങ്ക അകന്നേനെ. ഇനിയും ഇവിടെ ട്രാഫിക് ഐലന്റ് സ്ഥാപിച്ചില്ലെങ്കിൽ അപകട സാദ്ധ്യതയേറുമെന്നാണ് വ്യാപാരികളും യാത്രക്കാരും പറയുന്നത്.