town-hall

കൊല്ലം: ടൗൺ ഹാൾ നവീകരണത്തിന്റെ പേരിൽ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം പത്രസമ്മേളനത്തിൽ ആരോപിച്ചു. ടെൻഡർ പോലും വിളിക്കാതെയാണ് നവീകരണ കരാർ നൽകിയത്. മൂന്ന് കോടി 30 ലക്ഷം രൂപ നവീകരണത്തിന് ചെലവാക്കിയെന്നാണ് മുൻ മേയർ രാജേന്ദ്ര ബാബു പറഞ്ഞിരുന്നത്. പക്ഷേ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കോർപ്പറേഷൻ തന്നിട്ടുള്ള മറുപടി 1.97 കോടി രൂപയ്ക്കാണ് കരാറെന്നാണ്. അതിൽ തന്നെ കരാറുകാരന് കൊടുത്തിട്ടുള്ളത് 62 ലക്ഷം രൂപ മാത്രമാണ്.
അജൈവ മാലിന്യ ശേഖരണ യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരു സോണൽ ഓഫീസ് പരിധിയിൽ മാത്രം 28 ലക്ഷം രൂപയാണ് നൽകിയത്. അഞ്ച് സോണുകളിലായി കോടികളുടെ അഴിമതിയാണ് നടന്നത്. പലയിടത്തും മാലിന്യ ശേഖരണ യൂണിറ്റുകൾ നോക്കുകുത്തിയായി മാറി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകുമെന്നും കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഷ്ണു പറഞ്ഞു.

ജില്ലാ ജനറൽ സെക്രട്ടറി അജിത് ചോഴത്തിൽ, വൈസ് പ്രസിഡന്റ് ജമുൻ ജഹാംഗീർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.