
വോട്ട് ചോദിക്കാതെ തന്നെ സുധീർ മലയിലിന് ജനങ്ങൾ ഹൃദയവാതിൽ തുറന്ന് നൽകുന്നു. അവർക്കുറപ്പുണ്ട്, സുധീർ തങ്ങളെ ഹൃദയത്തോട് ചേർത്തുനിറുത്തുമെന്ന്. തൂവെള്ള പോലെ പവിത്രമാണ് ഈ പൊതുപ്രവർത്തകന്റെ ഇന്നലെകൾ. നിലയ്ക്കാത്ത അവകാശ സമര പോരാട്ടങ്ങളാൽ അവേശഭരിതവുമാണ്. മനസിൽ കാരുണ്യം ഒരു കെടാവിളക്ക് പോലെ കാത്തുസൂക്ഷിക്കുന്ന ചെറുപ്പക്കാരനാണ്. പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പിറവന്തൂർ ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയാണ് സുധീർ മലയിൽ.
സുധീറിന്റെ അച്ഛനും അമ്മയും തോട്ടം തൊഴിലാളികളായിരുന്നു. രാത്രിയോളം പണിയെടുത്താലും അരവയർ നിറയ്ക്കാനുള്ള കാശ് കിട്ടില്ല. അകെയുള്ള ഒരു യൂണിഫോം സ്ഥിരമായി ധരിച്ചാണ് സ്കൂളിൽ പോയിരുന്നത്. പുസ്തകം വാങ്ങാൻ പണം ചോദിക്കുമ്പോൾ അമ്മയുടെ കണ്ണ് നിറയും. അങ്ങനെ സുധീറും അമ്മയ്ക്കൊപ്പം കാടും മലയും കയറി. വേലികെട്ടാനും കടപുഴകിയ മരങ്ങൾ വെട്ടിനീക്കാനും വനംവകുപ്പിനെ സഹായിച്ചു. അങ്ങനെ കിട്ടുന്ന ചെറിയ തുക കൊണ്ടായിരുന്നു പഠനം. ഒഴിവ് കിട്ടുമ്പോഴെല്ലാം സുധീർ മലയിലായിരിക്കും. അതുകൊണ്ട് നാട്ടുകാരും സുധീറിന്റെ പേരിനൊപ്പം മലയിൽ എന്ന് കൂടി ചേർത്ത് വിളിച്ച് തുടങ്ങി. വർഷങ്ങൾ പണിയെടുത്തിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമി വാങ്ങാൻ അച്ഛനും അമ്മയ്ക്കും കഴിഞ്ഞില്ല. ഒടുവിൽ അമ്മ ഫാമിംഗ് കോർപ്പറേഷനിൽ നിന്ന് വിരമിച്ചപ്പോൾ കിട്ടിയ തുക കൊണ്ട് നാല് സെന്റ് ഭൂമി വാങ്ങി വീട് വച്ചു. ആ വീടിന് സുധീർ 'മലയിൽ' എന്ന് പേരിട്ടു. അങ്ങനെ സ്വന്തം വീടിനെയും പേരിനെയും അതിജീവനത്തിന്റെ അടയാളമാക്കിയ പൊതുപ്രവർത്തകനാണ് സുധീർ മലയിൽ.
 കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ
കറവൂർ വലിയകാവ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെ കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തി. പിന്നെ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായി. വിദ്യാർത്ഥികാലത്തും യൂത്ത് കോൺഗ്രസ് നേതാവായപ്പോഴും അവകാശ സമരങ്ങളിലെ മുന്നണിപ്പോരാളിയായി. പൊലീസിന്റെ ക്രൂരമായ ഭേദ്യങ്ങൾക്കിരയായി. ഇപ്പോൾ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്. ഐ.എൻ.ടി.യുസിയുടെ കിഴക്കൻ മലയോരമേഖലയിലെ ഒട്ടുമിക്ക യൂണിയനുകളുടെയും ജനറൽ സെക്രട്ടറിയാണ്. തിരഞ്ഞെടുപ്പിൽ സുധീറിന്റെ ആദ്യ അങ്കമാണ്. നേരത്തെ പലതവണ അവസരം ഒരുങ്ങിയപ്പോഴും മറ്റുള്ളവർക്കായി വഴിമാറി. ഗണേശ് കുമാർ മന്ത്രിയായിരിക്കെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്നു. കേന്ദ്ര വനമന്ത്രാലയം 2012ൽ സംഘടിപ്പിച്ച ആദ്യ ഇന്ത്യൻ ഫോറസ്റ്റ് കോൺഗ്രസിൽ കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയായിരുന്നു.
 കുഞ്ഞാറ്റയ്ക്ക് കാഴ്ചയുടെ ചക്രവാളം തുറന്നവൻ
ഏഴ് വർഷം മുൻപ് സുധീർ മലയിലും സഹപ്രവർത്തകരും മുള്ളുമല ഗിരിജൻ കോളനിയിലേക്ക് പോയി. പുല്ല് മേഞ്ഞ വീടിന് മുന്നിലെത്തി. അവിടെ അടുപ്പിനോട് ചേർന്ന് ചാരകൂമ്പാരത്തിനിടയിൽ രണ്ട് വയസ് മാത്രമുള്ള പെൺകുട്ടി നിൽക്കുന്നു. ഒരടി മുന്നോട്ട് വച്ചാൽ പെൺകുട്ടിയുടെ കാൽ പതിക്കുക തീക്കനലിലാകും. സുധീർ ഓടി പെൺകുട്ടിക്ക് അടുത്തേക്കെത്തി. നെഞ്ചോട് ചേർത്ത് നോക്കിയപ്പോഴാണ് അവൾക്ക് കാഴ്ചയില്ലെന്ന് മനസിലായത്. അവളുടെ അച്ഛനും അമ്മയും അരി വാങ്ങാൻ കാശിനായി വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിലേക്ക് പോയിരിക്കുകയാണ്. അവർ വരുന്നത് വരെ സുധീറും സഹപ്രവർത്തകരും കാത്തിരുന്നു. കുഞ്ഞാറ്റയെന്നാണ് ആ പെൺകുട്ടിയുടെ ഓമനപ്പേര്. കാഴ്ചയ്ക്ക് വേണ്ടിയുള്ള ചികിത്സയെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ കുഞ്ഞാറ്റയുടെ അമ്മയുടെ കണ്ണ് നിറഞ്ഞു. അവർക്കതിനുള്ള പാങ്ങില്ല. തൊട്ടടുത്ത ദിവസം സുധീർ വീണ്ടു കോളനിയിലെത്തി. കുഞ്ഞാറ്റയെയും കൂട്ടി തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്ത്താൽമേളജിയിലേക്ക് പോയി. അവിടെ ശസ്ത്രക്രിയ അടക്കം നീണ്ടകാലത്തെ ചികിത്സയിലൂടെ കുഞ്ഞാറ്റയ്ക്ക് കാഴ്ചശക്തി ലഭിച്ചു. കുഞ്ഞാറ്റ ഇപ്പോൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.
ഇപ്പോൾ നാമനിർദ്ദേശ പത്രിക കൊടുക്കാനുള്ള ഒരുക്കത്തിനിടയിൽ ഒരു കാൻസർ ബാധിത ചികിത്സയ്ക്ക് സഹായം അഭ്യർത്ഥിച്ചു. ഒരു സുഹൃത്ത് തന്റെ പിതാവിന്റെ ചരമവാർഷികം ഭംഗിയായി നടത്താൻ കുറച്ച് പണം കരുതിയിരുന്നു. ആ പണം കാൻസർ ബാധിതതയ്ക്ക് ചികിത്സയ്ക്കായി വാങ്ങിക്കൊടുത്ത ശേഷമാണ് സുധീർ പത്രിക സമർപ്പിച്ചത്.