
ജീവിത പ്രതിസന്ധികളെ അതിജീവിച്ച കരുത്തും രണ്ട് പതിറ്റാണ്ട് നീണ്ട പൊതുജന സേവനങ്ങളും ഉയർത്തിക്കാട്ടിയാണ് ഇളമ്പള്ളൂർ പഞ്ചായത്തിലെ പുന്നമുക്ക് 9-ാം വാർഡിലെ എൽ.ഡി.എഫിന്റെ സൗമ്യമുഖമായ എസ്.ഡി. അഭിലാഷ് വോട്ട് തേടുന്നത്.
വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കുഴിമതിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് ലീഡറായി വിജയിച്ചാണ് തുടക്കം. പിന്നീട് യുവജന സംഘടനയുടെ സജീവ പ്രവർത്തകനായി, കശുഅണ്ടി തൊഴിലാളികളുടെ അവകാശങ്ങൾക്കായി നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി അറസ്റ്റ് വരിച്ചു. തൊഴിലുറപ്പ് തൊഴിലാളി സംഘടനയുടെ സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗം, ഇളമ്പള്ളൂർ പഞ്ചായത്ത് കാർഷിക വികസന സമിതിയംഗം എന്നീ നിലകളിൽ കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നു. സഹകരണ - ക്ഷീര മേഖലയിലെ ഇടപെടലും ശ്രദ്ധേയമാണ്.
2010-15 കാലയളവിൽ ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ - ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരിക്കെ നിരവധി പദ്ധതികൾ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകി. ഇരുപതാമത്തെ വയസിലാണ് ട്രേഡ് യൂണിയൻ പ്രവർത്തകനായത്. ഓട്ടോറിക്ഷ ഡ്രൈവർ, കോൺക്രീറ്റ് പണി, പെയിന്റിംഗ് തുടങ്ങി ജീവിക്കാനായി പല വേഷങ്ങളും അണിഞ്ഞിട്ടുണ്ട്. ലളിതമായ ജീവിതമാണ് പൊതുജന സമ്മതനാക്കിയത്. ഇപ്പോൾ നിയമ വിദ്യാർത്ഥി കൂടിയാണ്.
സി.പി.ഐ കുണ്ടറ മണ്ഡലം കമ്മിറ്റിയംഗം, എ.ഐ.ടി.യു.സി ജില്ലാ എക്സിക്യുട്ടീവ് അംഗം, ഇളമ്പള്ളൂർ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 23 വർഷമായി പൊതുസേവനത്തിന്റെ പാതയിൽ നിരവധി ജനകീയ പ്രക്ഷോഭങ്ങളിൽ അണിചേർന്നിട്ടുണ്ട്. ഭാര്യ: പരേതയായ ആർ. മകൻ: എ.എസ്. ആദർശ്.
എസ്.ഡി. അഭിലാഷിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുന്നത് വാർഡ് തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് രതീഷ് ബാബു, സെക്രട്ടറി പ്രശാന്ത്, സി.പി.ഐ നേതാക്കളായ സുന്ദരൻ, ബിനു, മണി എന്നിവരാണ്.