covid
covid

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിലെ മുഖ്യ ഇനമാണ് സ്ഥാനാർത്ഥിയ്ക്കുള്ള സ്വീകരണ പരിപാടി. പ്രധാന കവലകളിലെല്ലാം അലങ്കരിച്ച് സ്ഥാനാർത്ഥിയെ കാത്തുനിൽക്കാൻ പ്രവർത്തകരുണ്ടാകും. കൊവിഡിനെ തുടർന്ന് മാലയും ബൊക്കെയുമില്ലാതെയാണ് ഇക്കുറി സ്വീകരണങ്ങളെല്ലാം. നെടുവത്തൂർ ജില്ലാ ഡിവിഷനിലെ ഒരു സ്വീകരണ പരിപാടിയ്ക്ക് സ്ഥാനാർത്ഥിതന്നെ ഇല്ലാത്ത സ്ഥിതി വന്നു. യു.ഡി.എഫ് സ്ഥാനാർത്ഥി ജയശ്രീ.എസ്.പിള്ളയുടെ അഭാവത്തിലും സ്വീകരണമൊരുക്കാൻ പ്രവർത്തകർ വലിയ താത്പര്യമെടുത്തു. കൊവിഡിനെ തുടർന്ന് ഗൃഹ ചികിത്സയിലാണ് ജയശ്രീ.എസ്.പിള്ള. ഇക്കാര്യങ്ങൾ ഉച്ചഭാഷിണിയിൽക്കൂടി പറഞ്ഞുകൊണ്ടായിരുന്നു സ്വീകരണ പരിപാടികൾ. കെ.പി.സി.സി വൈസ് പ്രസിഡന്റ് എഴുകോൺ നാരായണനാണ് സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തത്. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.മധുലാൽ അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക്- ഗ്രാമപഞ്ചായത്ത് സ്ഥാനാർത്ഥികളുടെ സാന്നിദ്ധ്യം പരിപാടിയിൽ ഉള്ളതിനാൽ വലിയ പൊരുത്തക്കേടുകളുമുണ്ടായില്ല. നെടുവത്തൂർ പഞ്ചായത്തിലെ പിണറ്റിൻമൂട് വാർഡിലെ ഇടത് മുന്നണി സ്ഥാനാർത്ഥിയ്ക്കും കൊവിഡിനെ തുടർന്ന് സ്വീകരണ പരിപാടിയിൽ പങ്കെടുക്കാനായില്ല. പഞ്ചായത്തിലെ പുല്ലാമല വാർഡിലെ ഇടത് സ്ഥാനാർത്ഥിയുടെ ഭർത്താവിനും കൊവിഡ് ബാധിച്ചിട്ടുണ്ട്.