photo
തേവലക്കരയിൽ സംഘടിപ്പിച്ചയു.ഡി.എഫ് സ്ഥാനാർത്ഥി സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തേവലക്കരയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തിൽ ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും അധികാരത്തിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഴിമതിയിൽ മുങ്ങി നിൽക്കുന്ന എൽ.ഡി.എഫ് സർക്കാരിന് എതിരെയുള്ള വിധിയെഴുത്താവും ഇപ്പോഴത്തെ തിരഞ്ഞെടുപ്പ്. വികസനത്തിന്റെ പേരിൽ കോടികളുടെ കടബാദ്ധ്യതയാണ് എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തിന് നൽകുന്നത്. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ അഴിമതികൾ പുറത്തുകൊണ്ടുവന്ന് കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. നിയോജക മണ്ഡലം ചെയർമാൻ കോലത്ത് വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നേതാക്കളായ ഷിബു ബേബി ജോൺ, കെ. സുരേഷ് ബാബു, അഡ്വ: ബിന്ദുകൃഷ്ണ, അഡ്വ. പി. ജർമ്മിയാസ്, കെ.സി. രാജൻ, കോഞ്ചേരി ഷംസുദ്ദീൻ, മുല്ലശേരി ഗോപൻ, ജസ്റ്റിൻ ജോൺ, സലാവുദ്ദീൻ, മോഹൻകുമാർ, ജയിൻ ആൻസ്, ദിനകർ കോട്ടകുഴി, ദിവാകരൻ പിള്ള, കാഞ്ഞിരവിള ഷാജഹാൻ തുടങ്ങിയവർ സംസാരിച്ചു. തേവലക്കര ഡിവിഷനിലെ ത്രിതല പഞ്ചായത്ത് സ്ഥാനാർത്ഥികൾ സംഗമത്തിൽ പങ്കെടുത്തു.