booth

 തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ

കൊല്ലം: പോളിംഗ് ബൂത്തുകളിൽ കൊവിഡ് മാനദണ്ഡം ഉറപ്പാക്കാൻ 2,761 പോളിംഗ് അസിസ്റ്റന്റുമാരെ നിയോഗിക്കും. വോട്ടർമാർക്ക് സാനിറ്റൈസർ വിതരണം ചെയ്യുക, സാമൂഹിക അകലം ഉറപ്പാക്കുക തുടങ്ങിയവയാണ് ഇവരുടെ പ്രധാന ചുമതലകൾ. ബൂത്തിലെത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് കരുതണം.

കാഴ്‌ച പരിമിതിയുള്ളവർ, ശാരീരിക അവശതകളുള്ളവർ എന്നിവർ വോട്ട് ചെയ്യാനെത്തുമ്പോൾ സഹായിയെയും കൂട്ടാം. വോട്ട് രേഖപ്പെടുത്തുന്നതിന് തൊട്ട് മുൻപ് വോട്ടറുടെ കൈകൾ സാനിറ്റൈസ് ചെയ്‌ത് അണുവിമുക്തമാക്കും. ഒരു പോളിംഗ് ബൂത്തിലെ ആവശ്യത്തിനായി ഏഴു ലിറ്റർ സാനിറ്റൈസറാണ് നൽകിയിരിക്കുന്നത്.

 കൊവിഡ് ബാധിതരുടെ വോട്ട് ഇങ്ങനെ

വോട്ടെടുപ്പിന് പത്ത് ദിവസം മുൻപ് മുതൽ ഇന്ന് വൈകിട്ട് മൂന്നുവരെ കൊവിഡ് സ്ഥിരീകരിക്കുന്നവരും നിരീക്ഷണത്തിൽ കഴിയുന്നവരും പോളിംഗ് ബൂത്തിൽ പോകേണ്ടതില്ല. ഇവർക്ക് പ്രത്യേക തപാൽ വോട്ട് ചെയ്യാം. വോട്ടർമാർക്ക് വീടുകളിൽ സ്‌പെഷ്യൽ ബാലറ്റ് പേപ്പറുകൾ വിതരണം ചെയ്യും. ഇന്ന് വൈകിട്ട് മൂന്നിന് ശേഷം കൊവിഡ് സ്ഥിരീകരിക്കുന്നവരും നിരീക്ഷണത്തിൽ പ്രവേശിക്കുന്നവരും നാളെ വൈകിട്ട് അഞ്ച് മുതൽ ആറുവരെ ബൂത്തിലെത്തി വോട്ട് ചെയ്യണം. പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിച്ച് പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കൊവിഡ് പോസിറ്റീവായവരുടെ വോട്ടുകൾ രേഖപ്പെടുത്തുക. പോളിംഗ് ഉദ്യോഗസ്ഥരും പി.പി.ഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിക്കണം. കൊവിഡ് ബാധിതരായ വോട്ടർമാർക്ക് രേഖകളിൽ ഒപ്പിടുന്നതിനായി പേന വിതരണം ചെയ്യും.

 വോട്ട് ചെയ്യാനിറങ്ങുമ്പോൾ ഓർക്കാൻ

1. മൂക്കും വായയും മറയുന്ന തരത്തിൽ മാസ്‌ക് ധരിക്കുക

2. കുട്ടികളെ ഒപ്പം കൂട്ടരുത്

3. രജിസ്റ്ററിൽ ഒപ്പിടാനുള്ള പേന കരുതുക

4. പോളിംഗ് ബൂത്തിൽ വരി നിൽക്കുമ്പോൾ മുന്നിലും പിന്നിലും ആറടി അകലം പാലിക്കണം. കൂട്ടം കൂടി നിൽക്കരുത്

5. തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്‌ക് മാറ്റുക

6. വോട്ട് ചെയ്‌തശേഷം ഉടൻ തിരിച്ച് പോകുക

7. വീട്ടിലെത്തിയാലുടൻ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം

പോളിംഗ് ബൂത്തുകൾ: 2,761

 ഓരോ ബൂത്തിലും നൽകുന്ന സാനിറൈസർ: 7 ലിറ്റർ

 വാർഡുകൾ: 1,420

 വോട്ടർമാർ: 22,20,425