
കൊല്ലം: ജാതിക്കും മതത്തിനും അതീതമായി എന്നും ജനങ്ങൾക്കൊപ്പം ചേർന്നുനിന്ന കോൺഗ്രസ് നേതാവ് പാത്തല രാഘവനാണ് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് കുളക്കട ഡിവിഷനിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ കുത്തകയായ കൊട്ടാരക്കര ഡിവിഷനിൽ പാത്തല രാഘവൻ അട്ടിമറി വിജയം നേടിയിരുന്നു. മികച്ച പ്രവർത്തനം കൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിലും അവിടെ യു.ഡി.എഫ് വിജയിച്ചിരുന്നു.
പൂവറ്റൂർ പാത്തല എ.കെ കോട്ടേജിൽ പരേതനായ കർഷക തൊഴിലാളി ആദിച്ചന്റെയും കശുഅണ്ടി തൊഴിലാളിയായിരുന്ന കൊച്ചിക്ക ദമ്പതികളുടെ നാല് മക്കളിൽ മൂത്തയാളാണ് പാത്തല രാഘവൻ. ഇല്ലായ്മകളോട് പടവെട്ടിയാണ് അദ്ദേഹം ജീവിതം കരുപ്പിടിപ്പിച്ചത്. ഗുരുദേവ സന്ദേശ പ്രചാരകനായിരുന്ന മധു മാറനാടാണ് പാത്തല രാഘവനെ പൊതുരംഗത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്. ഗുരുധർമ്മ പ്രചരണ സംഘം കൊട്ടാരക്കര താലൂക്ക് പ്രസിഡന്റായാണ് സംഘടനാ പ്രവർത്തനത്തിലെ ചുവടുവയ്പ്. തുടർന്ന് സിദ്ധനർ സർവീസ് സൊസൈറ്റിയുടെയും ഭാരതീയ ദളിത് കോൺഗ്രസിന്റെയും ജനറൽ സെക്രട്ടറിയായി. ഇപ്പോൾ ഡി.സി.സി ജനറൽ സെക്രട്ടറിയും ഗുരധർമ്മ പ്രചരണ സംഘം കേന്ദ്ര സമിതി അംഗവുമാണ്. ദളിത് സമുദായങ്ങളുടെയും സംഘടനകളുടെയും പുനരേകീകരണത്തിനും മുന്നേറ്റത്തിനുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നു. അഴിമതിയുടെ കറപുരളാത്തതും ലളിതവുമാണ് പാത്തല രാഘവന്റെ ഇന്നലെകളിലെ പൊതുജീവിതം. കശുഅണ്ടി തൊഴിലാളിയായ തങ്കമ്മയാണ് ഭാര്യ.