
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊല്ലം സിറ്റി- റൂറൽ പൊലീസ് ജില്ലകളിൽ ഒരുക്കിയിരിക്കുന്നത് പഴുതടച്ച സുരക്ഷ. കൂടുതൽ സബ് ഡിവിഷനുകളായി തരംതിരിച്ച് ഓരോ ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിലാണ് ക്രമീകരണം ശക്തമാക്കിയിരിക്കുന്നത്.
അയ്യായിരത്തോളം പൊലീസുകാരെയാണ് തിരഞ്ഞെടുപ്പ് ചുമതലകൾക്കായി നിയോഗിച്ചിട്ടുള്ളത്. അതാത് പൊലീസ് ജില്ലകളിൽ നിന്നുള്ളവർക്ക് പുറമേ റിസർവ് ക്യാമ്പുകൾ, അയൽ ജില്ലകൾ, ക്രൈം ബ്രാഞ്ച്, വിജിലൻസ്, റെയിൽവേ, എക്സൈസ്, മോട്ടോർ വാഹനവകുപ്പ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തിയാണ് സുരക്ഷാ സന്നാഹം ക്രമീകരിച്ചിരിക്കുന്നത്.
കൊല്ലം സിറ്റിയിൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാനാണ് തിരഞ്ഞെടുപ്പ് സുരക്ഷാ നോഡൽ ഓഫീസർ.
 കൊല്ലം സിറ്റി പൊലീസ് ജില്ല
കൊല്ലം, ഇരവിപുരം, കരുനാഗപ്പള്ളി, ചവറ, ചാത്തന്നൂർ, കൊട്ടിയം, അഞ്ചാലുംമൂട് എന്നിങ്ങനെ ഏഴ് സബ് ഡിവിഷനുകളായി തരംതിരിച്ചാണ് ക്രമീകരണം. പന്ത്രണ്ട് അസി. കമ്മിഷണർമാർ, 37 സി.ഐമാർ, 194 എസ്.ഐ മാർ എന്നിവർ നേതൃത്വം നൽകും. നാളെ രാവിലെ 8ന് പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കുന്നതോടെ ബൂത്തുകളിൽ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നവർ ചുമതലയേൽക്കും.
മറ്റന്നാൾ പോളിംഗ് അവസാനിച്ചശേഷം വോട്ടിംഗ് മെഷീൻ മേലുദ്യോഗസ്ഥർക്ക് കൈമാറിയശേഷമേ ഇവരുടെ ഡ്യൂട്ടി അവസാനിക്കൂ. പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ സായുധ പൊലീസ് വിഭാഗത്തിനാണ് സുരക്ഷാ ചുമതല.
 കൊല്ലം റൂറൽ പൊലീസ് ജില്ല
കുണ്ടറ, ശാസ്താംകോട്ട, പത്തനാപുരം, എഴുകോൺ, പുനലൂർ, പത്തനാപുരം, ചടയമംഗലം, കടയ്ക്കൽ എന്നിങ്ങനെ റൂറൽ ജില്ലയെ എട്ട് സബ് ഡിവിഷനുകളാക്കിയാണ് തിരിച്ചിരിക്കുന്നത്. എസ്.പി ഇളങ്കോയുടെ നേതൃത്വത്തിലാണ് സുരക്ഷാ നടപടികൾ. ബൂത്ത് തലം മുതൽ ശക്തമായ സുരക്ഷാ സന്നാഹമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഫീസർമാരും സ്പെഷ്യൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെ 2,500 ഓളം പൊലീസുകാരാണ് തിരഞ്ഞെടുപ്പ് ചുമതലകൾ വഹിക്കുന്നത്.
 പ്രശ്നബാധിത ബൂത്തുകൾ: 450
 റൂറലിൽ: 216
 ക്രമീകരണങ്ങൾ
1. എസ്.ഐമാരുടെ നേതൃത്വത്തിൽ 250 ഓളം ഗ്രൂപ്പ് പട്രോളിംഗ്
2. ക്രമസമാധാനപാലനത്തിന് 90 പട്രോളിംഗ് വിഭാഗം
3. 50 സി.ഐ പട്രോളിംഗ് യൂണിറ്റ്
4. സബ് ഡിവിഷനുകളുടേതിന് പുറമേ 40ഓളം സ്ട്രൈക്കിംഗ് ഫോഴ്സ്
5. എല്ലാ ബൂത്തിലും ഓരോ പൊലീസുകാരന് ചുമതല
6. ഒന്നിലധികം ബൂത്തുകളുള്ള സ്ഥലങ്ങളിൽ സഹായത്തിന് സ്പെഷ്യൽ പൊലീസ് ഓഫീസർമാർ
7. പൊലീസ് വാഹനങ്ങളിലും ബൂത്തുകളുടെ പരിസരത്തും കാമറ നിരീക്ഷണം
8. ഇന്ന് വൈകിട്ട് മുതൽ പട്രോളിംഗ്
9. സമൂഹ്യവിരുദ്ധർക്കും ക്രിമിനൽ സംഘങ്ങൾക്കുമെതിരെ നിരീക്ഷണം