s
കരുനാഗപ്പള്ളിയിൽ നടന്ന യു.ഡി.എഫ് പ്രചാരണം

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭാ പരിധിയിൽ കൊട്ടിക്കലാശത്തോടെ ഇന്നലെ വൈകിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ സമാപിച്ചു. മുന്നണികൾക്ക് ഇന്ന് നിശബ്ദ പ്രചാരണം നടത്താം. നഗരസഭയുടെ പരിധിയിൽ വരുന്ന 35 ഡിവിഷനുകളിലും ഇന്നലെ വൈകിട്ട് മുന്നണി സ്ഥാനാർത്ഥികൾ ബൈക്കുകളിൽ ഓട്ടപ്രദക്ഷിണം നടത്തി അരങ്ങ് തകർത്തു. പല ഡിവിഷനുകളിലും പലപ്പോഴായാണ് പരിപാടി സംഘടിപ്പിച്ചത്.

38 ബൂത്തുകൾ

കരുനാഗപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി തയ്യാറാക്കിയ വോട്ടിംഗ് യന്ത്രങ്ങൾ ഇന്ന് രാവിലെ 8 മണി മുതൽ ബന്ധപ്പെട്ട പ്രിസൈഡിംഗ് ഓഫീസർമാർ റിട്ടേണിംഗ് ഓഫീസർമാരിൽ നിന്ന് ഏറ്റുവാങ്ങും. കരുനാഗപ്പള്ളി നഗരസഭയിലെ വോട്ടിംഗ് യന്ത്രങ്ങൾ ശക്തമായ പൊലീസ് കാവലിൽ കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിലെ സ്ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. നഗരസഭയിൽ 20 സ്കൂളുകളിലായി 38 ബൂത്തുകളാണുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർ ഉൾപ്പെടെ 5 ഉദ്യോഗസ്ഥരുണ്ടാകും. ഇവർക്ക് സുരക്ഷയൊരുക്കി ഒരു പൊലീസ് കോൺസ്റ്റബിളും ഡ്യൂട്ടിക്കെത്തും.

ശക്തമായ സുരക്ഷ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ശക്തമായ സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ സാധാരണ പട്രോളിംഗ് സംഘത്തിന് പുറമേ 10 ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് വിഭാഗവും സജ്ജമാണ്. പ്രശ്നങ്ങളുണ്ടാകാൻ സാദ്ധ്യതയുള്ള ബൂത്തുകളിൽ പൊലീസ് സംഘത്തിന് പെട്ടെന്ന് എത്താനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കരുനാഗപ്പള്ളി എ.സി.പിയുടെ നേതൃത്വത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.