 
കൊല്ലം: കൊവിഡ് കാലത്ത് കൊട്ടിക്കലാശവും പാട്ടും മേളവും ഉണ്ടാകില്ലെന്ന ധാരണ തെറ്റിച്ച് നഗരത്തിൽ ഇന്നലെ തിരഞ്ഞെടുപ്പ് പ്രചാരണം കത്തിക്കയറി. അവസാന നിമിഷത്തെ കലാശക്കൊട്ട് വേണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശം. എന്നാൽ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങിയ ഇന്നലെ രാവിലെ മുതൽ തന്നെ മുന്നണികൾ തമ്മിൽ മത്സരത്തിലായിരുന്നു.
ചെണ്ടകൊട്ടും ബാൻഡ് മേളവുമൊക്കെയായി ഉത്സവ സമാനമായിരുന്നു മുന്നണികളുടെ പ്രചാരണം. ചെറുവഴികളിലും റോഡുകളിലുമെല്ലാം സ്ഥാനാർത്ഥികളുടെ പ്രചാരണ റാലികൾ സ്ഥാനം പിടിച്ചു. ഉത്സവഘോഷയാത്ര പോലെ മുന്നിൽ ചെണ്ടമേളം, തൊട്ടുപിന്നാലെ ഷാളുകളും മാലകളും ധരിച്ച് സ്ഥാനാർത്ഥി, അതിന് പുറകെ കൊടികൾ പിടിച്ച് മുദ്രാവാക്യം മുഴക്കി പാർട്ടി പ്രവർത്തകർ.
മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങളിൽ സ്ഥാനാർത്ഥിക്ക് സ്വീകരണവുണ്ടായിരുന്നു. അപ്പോൾ എതിരെ വരുന്നു എതിർ സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള ബൈക്ക് റാലി. ഇതിനിടയിൽ മറ്റൊരു മുന്നണിയുടെ വനിതാ പ്രവർത്തകർ വീടുകയറി വോട്ട് അഭ്യർത്ഥിക്കുന്നു. ഇന്നലെ പല വീടുകളിലും പലതവണയാണ് വിവിധ സ്ക്വാഡുകളായി പാർട്ടി പ്രവർത്തകരെത്തിയത്.
ഒന്നിന് പിന്നാലെ ഒന്നായി അനൗൺസ്മെന്റ് വാഹനങ്ങൾ നിരത്തുകൾ കീഴടക്കിയപ്പോൾ റോഡ് വക്കിലെ താമസക്കാർക്ക് പരസ്പരം പറയുന്നത് പോലും കേൾക്കാൻ നിവൃത്തിയില്ലായിരുന്നു. പലയിടങ്ങളിലും പലപ്പോഴായി പെയ്ത മഴ സ്ഥാനാർത്ഥികളെ വിഷമിപ്പിച്ചു. സ്വീകരണ പരിപാടികളുടെ സമയവും ചെറുതായി തെറ്റി.
ഇഞ്ചോടിഞ്ച് പോരാട്ടം
നഗരത്തിലെ എല്ലാ ഡിവിഷനുകളിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. ആദ്യ റൗണ്ടിൽ പിന്നിൽ നിന്നവരും അവസാന ലാപ്പിൽ മുന്നിലേക്കെത്തിയിട്ടുണ്ട്. ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളും മുൻനിരയിലുണ്ട്.