local-body-election

കൊല്ലം: ഒന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലുള്ളത് 1,​722 പ്രശ്നബാധിത ബൂത്തുകൾ. ഇവിടെ വോട്ടെടുപ്പ് സുഗമമാക്കാൻ പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ഇലക്‌ഷൻ നോഡൽ ഓഫീസർ ഐ.ജി പി. വിജയൻ അറിയിച്ചു. അഞ്ചു ജില്ലകളെയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പൊലീസിനെ നിയോഗിച്ചത്.

അടിയന്തര സാഹചര്യം നേരിടാൻ ഡി.ജി.പിയുടെ കീഴിൽ എട്ട് കമ്പനി സ്ട്രൈക്കിംഗ് ഫോഴ്സിനെ തയ്യാറാക്കി. സോണൽ ഐ.ജി, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ കീഴിൽ ഏഴ് കമ്പനി വീതം പൊലീസുകാർ സ്ട്രൈക്കിംഗ് ഫോഴ്സായും രംഗത്തുണ്ടാവും. അഞ്ച് ജില്ലകളിലെയും പ്രശ്നബാധിത ബൂത്തുകളിൽ പൊലീസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലുമുണ്ടാവും.

പരമാവധി 13 ബൂത്തുകൾ വരെ ഉൾപ്പെടുത്തി 716 ഗ്രൂപ്പ് പട്രോളിംഗ് സംവിധാനത്തിനും രൂപം നൽകിയിട്ടുണ്ട്. ക്രമസമാധാനപാലനം ഉറപ്പാക്കുന്നതിന് ഒരു പൊലീസ് സ്റ്റേഷനിൽ രണ്ടുവീതം 354 പ്രത്യേക പട്രോളിംഗ് സംഘങ്ങളും രംഗത്തുണ്ടാവും. പൊലീസിന്റെ മൊത്തം പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അടിയന്തരഘട്ടത്തിൽ നടപടി സ്വീകരിക്കാനും തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ഐ.ജി പി. വിജയന്റെ നേതൃത്വത്തിൽ പ്രത്യേക ഇലക്‌ഷൻ സെല്ലും തുടങ്ങി.