
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി നഗരസഭയിലെ 21ാം ഡിവിഷനിൽ ഇക്കുറി നടക്കുന്നത് വാശിയേറിയ മത്സരം. ഇടതുമുന്നണിക്കായി സി.പി.ഐ കരുനാഗപ്പള്ളി വെസ്റ്റ് ലോക്കൽ കമ്മിറ്റി മെമ്പർ മഹേഷ് ജയരാജും വലതിനായി കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് തയ്യിൽ തുളസിയുമാണ് മത്സര രംഗത്തുള്ളത്. തിരഞ്ഞെടുപ്പിന് രണ്ട്ദിവസം മാത്രം ശേഷിക്കേ ഇരു മുന്നണികളും ശക്തമായ പ്രചാരണത്തിലാണ്. ഉല്ലാസ് പനക്കുളങ്ങരയാണ് ഇവിടെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. എക്കാലവും എൽ.ഡി.എഫിനെ പിന്തുണയ്ക്കുന്ന ഡിവിഷൻ ഇക്കുറി പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. വികസനം ചൂണ്ടിക്കാട്ടി ഡിവിഷൻ നിലനിറുത്താനുള്ള എല്ലാ അടവും എൽ.ഡി.എഫും പയറ്റും. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് മഹേഷ് ജയരാജ് പൊതു പ്രവർത്തന രംഗത്തേക്ക് കടന്നുവന്നത്. എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയായി ദീർഘനാൾ പ്രവർത്തിച്ചിരുന്നു. നിലവിൽ യുവകലാ സാഹിതി കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗമാണ്. നാഗാലാൻഡിൽ ബോഡോ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ജയരാജന്റെ മകനാണ് മഹേഷ്. കാൽനൂറ്റാണ്ടായി പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിദ്ധ്യമാണ് തയ്യിൽ തുളസി. എസ്.എൻ.ഡി.പി യോഗം കോഴിക്കോട് 226-ാം നമ്പർ ശാഖാ പ്രസിഡന്റ്, കോഴിക്കോട് എസ്.എൻ.വി.എൽ.പി സ്കൂൾ മാനേജർ, ഐ.എൻ.ടി.യു.സി കരുനാഗപ്പള്ളി മണ്ഡലം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മൊത്തം 920 വോട്ടുകളാണ് ഈ ഡിവിഷനിലുള്ളത്. കോഴിക്കോട് ഗവ. എൽ.പി സ്കൂളാണ് ഇലക്ഷൻ ബൂത്ത്.