 
പുനലൂർ: ഇതുവരെ കാണാത്ത മുഖമായിരുന്നു ഇന്നലെ അവസാനിച്ച തദ്ദേശ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ കൊട്ടി കലാശത്തിന്. ആൾത്തിരക്കും കോലാഹലങ്ങളുമൊന്നുമില്ലായിരുന്നെങ്കിലും ആവേശം ചോരാത്തവിധമുള്ള കൊട്ടിക്കലാശമായിരുന്നു നാടെങ്ങും.തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദ്ദേശത്തെ തുടർന്ന് ഇത്തവണ അനൗൺസ്‌മെന്റ് വാഹനങ്ങളും സ്ക്വാർഡ് പ്രവർത്തനങ്ങളും നടത്തിയവർ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിശബ്ദരായി വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ നഗരസഭയിലെ എല്ലാ വാർഡുകളിലും വാശിയോടെയുള്ള സ്ക്വാർഡ് പ്രവർത്തനങ്ങളാണ് മൂന്ന് മുന്നണികളും നടത്തി വന്നത്.
വാശിയേറിയ പോരാട്ടം
ഇടത്, വലത് മുന്നണികൾ തമ്മിൽ വാശിയേറിയ പോരാട്ടത്തിലാണ്.എൻ.ഡി.എയും ഒട്ടും പിന്നിലല്ല.
35 വാർഡുകൾ ഉളള പുനലൂർ നഗരസഭയിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 സീറ്റ്കൾ ഇടത് മുന്നണി കരസ്ഥമാക്കി ഭരണത്തിലേറി. ഇത്തവണ കൂടുതൽ പുതു മുഖങ്ങളെ ഇറക്കിയുളള മത്സരത്തിലൂടെ 25 സീറ്റുകൾ നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് നേതാക്കൾ.എന്നാൽ കഴിഞ്ഞ കൗൺസിലിൽ അംഗങ്ങളെ അണി നിരത്തി ഇടത് മുന്നണിയുമായി മാറ്റുരക്കുകയാണ് യു.ഡി.എഫ്. നേതൃത്വം. ഇത്തവണ ഇടത് മുന്നണിയിൽ നിന്നും നഗരസഭയുടെ ഭരണം പിടിച്ചെടുക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതാക്കൾ.നഗരസഭയിൽ ഇത്തവണ എൻ.ഡി.എ അക്കൗണ്ട് തുറക്കുമെന്ന് നേതാക്കൾ പറയുന്നു.
തന്ത്രങ്ങൾ മെനഞ്ഞ്
പുനലൂർ നഗരസഭയ്ക്ക് പുറമെ സമീപത്തെ കരവാളൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിൽ ഇടത് മുന്നണി വീണ്ടും ഭരണം തുടരുമെന്നാണ് നേതാക്കൾ വിലയിരുത്തുന്നത്.എന്നാൽ മൂന്ന് പഞ്ചായത്തുകളിലും ഇടത് മുന്നണിയിൽ നിന്നും ഭരണം പിടിച്ചെടുക്കുമെന്ന വാശിയോടെ തീ പാറുന്ന മത്സരമാണ് യു.ഡി.എഫ് നേതൃത്വം കാഴ്ച വയ്ക്കുന്നത്. ഇത്തവണ യു.ഡി.എഫിനെതിരെ പത്രിക നൽകിയ റിബൽ സ്ഥാനാർത്ഥികളെ നേതൃത്വം ഇടപ്പെട്ട് ഒഴിവാക്കിയതും പഞ്ചായത്തുകളുടെ ഭരണം പിടിച്ചെടുക്കാനാണെന്ന് നേതാക്കൾ പറഞ്ഞു. പഞ്ചായത്തിന് പുറമെ ,ജില്ലാ ,ബ്ലോക്ക് ഡിവിഷനുകളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾ എല്ലാം വിജയിക്കുമെന്നാണ് യു.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ മൂന്ന് പഞ്ചായത്തുകളിലും ജില്ലാ ,ബ്ലോക്ക് ഡിവിഷനുകളിലും കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി ഭരണം നില നിറുത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടത് നേതൃത്വം. ഇതിനുളള തന്ത്രങ്ങളാണ് നേതൃത്വം മെനഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാഴ്ച വയ്ക്കാൻ കഴിയാത്ത പ്രകടനമാണ് എൻ.ഡി.എ ഇത്തവണ പഞ്ചായത്തുകളിൽ നടത്തിവരുന്നത്.പല വാർഡുകളിലും ഇടത്, വലത് മുന്നണികൾക്ക് എൻ.ഡി.എ സ്ഥാനാർത്ഥി ഭീക്ഷണിയായി മാറിയിരിക്കുകയാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിന്റെ ഇരട്ടി വോട്ട് നേടാൻ കഴിയുമെന്നാണ് എൻ.ഡി.എ നേതൃത്വം അവകാശപ്പെടുന്നത്.