
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണി ജില്ലയിൽ ചരിത്ര വിജയം നേടുമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പ്രസ്താവനയിൽ അറിയിച്ചു. ഇടത് ഭരണത്തിൽ വഴിയാധാരമായ ജില്ലയിലെ ജനത ഇത്തവണ വിവേകപൂർവം പ്രതികരിക്കും. ജില്ലയിലുടനീളം വലിയ മുന്നേറ്റവും നടത്തും. വഞ്ചിതരായ കശുഅണ്ടി തൊഴിലാളികൾ സർക്കാരിനെതിരെ വോട്ട് ചെയ്യും. പ്രളയകാലത്ത് രക്ഷകരായ മത്സ്യത്തൊഴിലാളികളെ പ്രളയാനന്തരം അവഗണിച്ചതും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
വൈദ്യുതി, ഭൂമി, വീട്, കടകൾ എന്നിവയുടെ നികുതി വർദ്ധിപ്പിച്ച സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പ്.
ജില്ലാ പഞ്ചായത്ത് ഭരണം ഇത്തവണ തിരിച്ചുപിടിക്കും. ഗ്രാമപഞ്ചായത്തുകളിൽ വൻ മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ട പഞ്ചായത്തുകളിലെ ഭരണവും പിടിച്ചെടുക്കും. ജില്ലയിലെ നാല് മുനിസിപ്പാലിറ്റികളുടെയും ഭരണം ഇത്തവണ യു.ഡി.എഫിന്റെ കൈകളിലെത്തും.
കൊല്ലം കോർപ്പറേഷനിൽ വികസന കുതിപ്പിനും അഴിമതിരഹിത ഭരണത്തിനും വേണ്ടി ജനങ്ങൾ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.