nk

കൊല്ലം: രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയുടെ രണ്ടാമത്തെ കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകരുതെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ഹർഷവർദ്ധന് കത്തുനൽകി. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ നാമധേയത്തിൽ അറിയപ്പെടുന്ന കാമ്പസിന് തത്തുല്യമായ ഭരണഘടനാ പദവികൾ വഹിച്ചിരുന്നവരുടെ പേരോ ശാസ്ത്രജ്ഞന്മാരുടെ പേരോ ആണ് നൽകേണ്ടത്. ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങളുടെ നാമകരണത്തിൽ നാളിതുവരെ പാലിച്ചുപോന്നിരുന്ന കീഴ്‌വഴക്കമാണ് സർക്കാർ കാറ്റിൽ പറത്തുന്നത്. രാജ്യാന്തര തലത്തിൽ അറിയപ്പെടുന്ന ഒരു ഗവേഷണ സ്ഥാപനത്തിന് പേരിടുമ്പോൾ സർക്കാരിന്റെ സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങൾ ഒഴിവാക്കണം. ഡോ. എ.പി.ജെ അബ്ദുൾ കലാമിനെ പോലുള്ള മഹത് വ്യക്തികളുടെ നാമത്തിൽ സ്ഥാപനം അറിയപ്പെടുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കത്തിലൂടെ വ്യക്തമാക്കി.