
കൊല്ലം: ഇടത് മുന്നണിക്ക് വലിയ സ്വാധീനമുള്ള ജില്ലയാണ് കൊല്ലം. അതിനാൽ കഴിഞ്ഞതവണത്തെ വിജയത്തിന് ക്ഷതമേൽക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ പറഞ്ഞു. മുന്നണിയുടെ കൂട്ടായ ഐക്യം വലിയ പ്രതീക്ഷയാണ് നൽകുന്നത്.
കേരളാ കോൺഗ്രസ്, ആർ.എസ്.പി (ലെനിനിസ്റ്റ്), എൽ.ജെ.ഡി കക്ഷികൾ കൂടി എത്തിയതോടെ മുന്നണിയുടെ അംഗബലം കൂടി. ഇതോടെ വിജയപ്രതീക്ഷ വലുതായി. തദ്ദേശ സ്ഥാപനങ്ങളും സർക്കാരും നടത്തിയ വികസന പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. സംസ്ഥാനത്ത് ഇടത് ഭരണം വന്നശേഷം നടന്ന 24 ഉപതിരഞ്ഞെടുപ്പുകളിൽ 18 ഇടത്തും വിജയം ഇടതിനായിരുന്നു. ഇതൊരു ശുഭസൂചനയാണ്.
മാത്രമല്ല, തിരഞ്ഞെടുപ്പ് കാലത്ത് വോട്ട് ചെയ്യില്ലെന്ന പ്രതിഷേധവും ജില്ലയിലില്ല. കശുഅണ്ടി ഫാക്ടറികൾ തുറന്നതും 5000 ത്തിലേറെ പേർക്ക് പുതിയ ജോലി നൽകിയതും മലയോര ഹൈവേയും അതുമൂലമുള്ള വികസനവും വലിയ ഗുണം ചെയ്യും. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി കൊല്ലത്ത് സ്ഥാപിച്ചത് സർക്കാരിന്റെ വലിയ നേട്ടമാണ്. കൊല്ലം തുറമുഖ വികസനവും കിഫ്ബി നിർമ്മാണ പ്രവർത്തനങ്ങളുമെല്ലാം വിജയ പ്രതീക്ഷ ഇരട്ടിയാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.