
കൊല്ലം: ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ അരലക്ഷം കടന്നു. ഇന്നലെ 380 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 50,124 ആയി.
കഴിഞ്ഞ മൂന്ന് മാസങ്ങളുമായി താരത്മ്യം ചെയ്യുമ്പോൾ ഡിസംബറിൽ രോഗവ്യാപന നിരക്ക് കുറവാണ്. ഈമാസം ഇതുവരെ 2,131 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം ആദ്യം വരെ ആശുപത്രികളിൽ കിടക്കപോലും ലഭ്യമല്ലാത്ത സ്ഥിതിയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ പ്രവേശിപ്പിക്കാൻ ഐ.സി.യു കിടക്കകകളും വെന്റിലേറ്ററുകളും ഒഴിവില്ലായിരുന്നു. ഇപ്പോൾ സെക്കൻഡ്, ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ വളരെ കുറച്ച് പേർ മാത്രമാണുള്ളത്. ജില്ലയിലെ കൊവിഡ് സെന്ററുകളായ ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും ചികിത്സയിലുള്ള കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. ഇതോടെ കൊവിഡ് ബാധിതരായ ഗർഭിണികളെ ചികിത്സിക്കാൻ നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച പ്രത്യേക ചികിത്സാ കേന്ദ്രം നിറുത്തി.
നേരത്തെ 8,883 പേർ വരെ കൊവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്നു. ഇതിൽ നിന്ന് കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 3687 ആയി താഴ്ന്നു.
 336 പേർക്ക് രോഗമുക്തി
ജില്ലയിൽ ഇന്നലെ 336 പേർ കൊവിഡ് മുക്തരായി. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ 378 പേരും സമ്പർക്കത്തിലൂടെയാണ് രോഗബാധിതരായത്. രണ്ടുപേർക്ക് കൊവിഡ് ബാധിച്ച ഉറവിടം വ്യക്തമല്ല. പെരുമണ്ണൂർ സ്വദേശി ഗോപകുമാർ (49), തിരുമുല്ലവാരം സ്വദേശി ഗോപൻ (55) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിച്ചു.
 ആകെ കൊവിഡ് ബാധിച്ചത്: 50,124
 ചികിത്സയിലുള്ളവർ: 46,375
 രോഗമുക്തർ: 3,687
 മരണം: 191