c

ഓച്ചിറ: ആളൊഴിഞ്ഞ വീട്ടിൽ മദ്യപാനവും ബഹളവും പതിവായത് ചോദ്യം ചെയ്ത യുവാവിനെയും സുഹൃത്തുക്കളെയും ഗുണ്ടാ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ ഞക്കനാൽ കൊല്ലശേരിൽ കോളനിയിൽ വിഷ്ണു (23), ചൂനാട് സ്വദേശികളായ നിയാസ്, അനുരാജ് എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 5ന് രാത്രി 9.30ന് ഞക്കനാൽ ആലക്കോട്ട് യു.പി സ്കൂളിന് സമീപമാണ് സംഭവം. വിഷ്ണുവിന് തലയ്ക്ക് പിന്നിൽ കുത്തേറ്റിട്ടുണ്ട്. കമ്പിവടിക്ക് അടിയേറ്റ അനുരാജിന്റെ കൈക്ക് പൊട്ടലുണ്ട്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വെൽഡിംഗ് തൊഴിലാളിയായ വിഷ്ണു രാത്രി ജോലിക്ക് ശേഷം സുഹൃത്തുക്കളുമായി വീട്ടിലേക്ക് വരുമ്പോൾ ഗുണ്ടാസംഘം പതിയിരുന്ന് മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ കുക്കു, മൈന ഹരി, സന്തോഷ് എന്നിവരെ പ്രതികളാക്കി ഓച്ചിറ പൊലീസ് കേസെടുത്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് ഓച്ചിറ മേമന മനുഭവനത്തിൽ കുക്കു. ഓച്ചിറ കല്ലൂർ മുക്കിൽ ബിവറേജസിന് മുന്നിൽ നടന്ന കുത്തുകേസിലെ പ്രതിയാണ് മൈന ഹരി.

ഗുണ്ടാ സംഘങ്ങൾ വിലസുന്നു

തിരഞ്ഞെടുപ്പിന്റെ മറവിൽ ഓച്ചിറയിൽ ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ 26ന് ആരോഗ്യ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ മേമന കുഴുവേലിൽ ശ്രീനികേതനിൽ ശ്രീകുമാറിന്റെ വീട്ടിൽ ഗുണ്ടാ സംഘം ആക്രമണം നടത്തിയിരുന്നു. വീട്ടിൽ അതിക്രമിച്ച് കടന്ന സംഘം വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന കാറുകളും ജനൽ ഗ്ലാസുകളും അടിച്ചു തകർത്തു. ഇൗ സംഭവത്തിൽ മേമന സ്വദേശികളായ ബൈജു, വൈശാഖ് എന്നിവരുൾപ്പടെ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതികളെ ഇതുവരെയും പിടികൂടാൻ കഴിഞ്ഞിട്ടില്ല.