c

ശാസ്താംകോട്ട: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ശബ്ദ പ്രചാരണം അവസാനിച്ചതോടെ ആരവങ്ങൾ ഒതുങ്ങി. കുന്നത്തൂർ താലൂക്കിലെ ഏഴു ഗ്രാമ പഞ്ചായത്തുകളിലും ഇത്തവണ ശക്തമായ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഒരു ഗ്രാമ പഞ്ചായത്തൊഴികെ ആറിടത്തും, ബ്ലോക്ക് പഞ്ചായത്തിലും എൽ.ഡി.എഫിനായിരുന്നു ഭരണം. കഴിഞ്ഞ തവണ നഷ്ടമായ സീറ്റുകൾ തിരിച്ചുപിടിക്കാൻ ഇത്തവണ യു.ഡി.എഫ് ശക്തമായ പോരാട്ടമാണ് നടത്തുന്നത്. പ്രചാരണ രംഗത്ത് ബി.ജെ.പിയും സജീവമായതോടെ എല്ലാ പഞ്ചായത്തുകളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ തി‌രഞ്ഞെടുപ്പുഫലവും പ്രവചനാതീതമാണ്. യു.ഡി.എഫും എൽ.ഡി.എഫും മാറി മാറി ഭരണം നടത്തുന്ന ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണത്തിനായി ഇരു മുന്നണികളും അഭിമാന പോരാട്ടത്തിലാണ്. വേങ്ങ, ശാസ്താംകോട്ട, കടപ്പ, ശാസ്താംകോട്ട ടൗൺ, ശൂരനാട് വടക്ക് ഡിവിഷനുകളിൽ ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പുരുഷനാണ്.