
കൊല്ലം: വെള്ളം വറ്റിക്കാൻ കിണറ്റിനുള്ളിൽ ഘടിപ്പിച്ചിരുന്ന മോട്ടോറിൽ ഇന്ധനം ഒഴിക്കാനിറങ്ങിയ തൊഴിലാളി പുക ശ്വസിച്ച് ബോധംമറഞ്ഞ് കിണറ്റിൽ വീണ് മരിച്ചു. നിലമേൽ മാങ്കോട് വേക്കൽ ജലീൽ മൻസിലിൽ അബ്ദുൾ ജലീലാണ് (58) മരിച്ചത്.
നിലമേൽ ബംഗ്ളാംകുന്ന് കൈതക്കുഴി സി.പി ഹൗസിൽ അബ്ദുൾ കരീമിന്റെ വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം. അബ്ദുൾ കരീം അടുത്തിടെ വാങ്ങിയ വീട്ടിൽ നൂറടിയോളം താഴ്ചയുള്ള കിണർ വൃത്തിയാക്കാനെത്തിയതാണ് അബ്ദുൾ ജലീൽ. ഏതാനും തൊടി താഴേക്ക് കയറിൽ കെട്ടിയിറക്കി വെള്ളം വറ്റിക്കുന്നതിനിടെ മോട്ടോർ ഓഫായി.
ഇന്ധനം തീർന്നതാകാമെന്ന് കരുതി കുപ്പിയിൽ ഇന്ധനവുമായി കിണറ്റിലിറങ്ങി മോട്ടോറിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതിനിടെ ബോധരഹിതനായി കിണറ്റിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നയാൾ രക്ഷിക്കാൻ കിണറ്റിലേക്കിറങ്ങിയെങ്കിലും നാലഞ്ച് തൊടി താഴെ എത്തിയപ്പോഴേക്കും ശ്വാസം കിട്ടാത്തതിനാൽ തിരിച്ചുകയറി.
തുടർന്ന് കടയ്ക്കൽ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അസി. സ്റ്റേഷൻ ഓഫീസർ രാജേന്ദ്രന്റെ നേതൃത്വത്തിലെത്തിയ ഫയർഫോഴ്സ് സംഘം കിണറ്റിനുള്ളിൽ മോട്ടോറിന്റെ പുക നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി. എക്സ്ഹോസ്റ്റ് ബ്ളോവറുപയോഗിച്ച് പുക നീക്കം ചെയ്ത് രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പടവുകൾ തകർന്ന ആഴമേറിയ കിണറ്റിൽ നിന്ന് അബ്ദുൾ ജലീലിന്റെ മൃതദേഹം പുറത്തെത്തിച്ചത്. ഭാര്യ: ഐഷാബീബി. മക്കൾ: ജാസ്മിൻ, ജെസ്ന, ബിൻഷ.
 വില്ലൻ കാർബൺ മോണോക്സൈഡ്
മോട്ടോറിൽ നിന്ന് പുറന്തള്ളിയ കാർബൺ മോണോക്സൈഡ് വായുസഞ്ചാരം കുറഞ്ഞ കിണറ്റിനുള്ളിൽ തങ്ങി നിന്നതാണ് അപകടത്തിനിടയാക്കിയത്. ഇത് ശ്വസിച്ചതിനെ തുടർന്നാണ് അബ്ദുൾ ജലീൽ ബോധരഹിതനായി കിണറ്റിൽ വീണത്. മൃതദേഹം ഫയർഫോഴ്സ് കടയ്ക്കൽ ഗവ. ആശുപത്രി മോർച്ചറിയിലെത്തിച്ചു. ചടയമംഗലം പൊലീസെത്തി തുടർനടപടി സ്വീകരിച്ചു.