election

 പരസ്യപ്രചാരണം അവസാനിച്ചു, നാളെ ബൂത്തിലേക്ക്

കൊല്ലം: പുലർച്ചെ തുടങ്ങിയ ശബ്ദഘോഷങ്ങൾ വൈകിട്ട് ആറിന് കെട്ടടങ്ങുമ്പോൾ തിരഞ്ഞെടുപ്പ് ആവേശം നാടിനെയാകെ ഇളക്കി മറിച്ചിരുന്നു. സ്ഥാനാർത്ഥി സ്ക്വാഡുകൾ ഇടവഴികളും പറമ്പുകളും ചാടിക്കടന്ന് ഓരോ വീടുകളും കയറിയിറങ്ങി. പരമാവധി ആളുകൾ, തിരഞ്ഞെടുപ്പ് ചിഹ്നം, കൊടി തുടങ്ങി മുന്നണികളുടെ ശക്തി പ്രകടനം പോലെയായിരുന്നു ഓരോ സ്ക്വാഡുകളും.

പരസ്യ പ്രചാരണം അവസാനിച്ചതോടെ നാളെ ജനം ബൂത്തുകളിലേക്ക് മാർച്ച് ചെയ്യും. എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി മുന്നണികൾ ജില്ലയിലാകെ ഒരുപോലെ പ്രചാരണ രംഗത്ത് സജീവമായപ്പോൾ പ്രാദേശിക ജനകീയ മുന്നണികൾ, എസ്.ഡി.പി.ഐ, പി.ഡി.പി, സ്വതന്ത്രർ തുടങ്ങിയവരും അവരുടെ ശക്തി കേന്ദ്രങ്ങളിൽ സ്ക്വാഡുകളുമായി സജീവമായി.

പഞ്ചായത്തുകളിൽ ഉച്ചയോടെ പ്രചാരണ വാഹനത്തിന് പിന്നാലെ പ്രവർത്തകർക്കൊപ്പം സ്ഥാനാർത്ഥികൾ കാൽനടയായി നാട്ടിടവഴികൾ താണ്ടി. വൈകുന്നേരത്തോടെ പ്രചാരണത്തിന് കൂടുതൽ ആവേശത്തിന്റെ നിറമായി. റെക്കാർഡ് ചെയ്ത് പ്രചരണ സി.ഡികൾ എടുത്ത് മാറ്റി പ്രാദേശിക യുവജന നേതാക്കൾ മൈക്ക് കൈയടക്കി.

ബൈക്കുകളിൽ യുവതികളും യുവാക്കളുമടങ്ങുന്ന സംഘത്തിനൊപ്പം സ്ഥാനാർത്ഥികൾ റോഡ് ഷോ തുടങ്ങിയതോടെ മിക്കയിടത്തും മഴയെത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ ഇന്നലെ പൂർണമായും റോഡ് ഷോകളിലായിരുന്നു. ഡിവിഷന്റെ മുക്കിലും മൂലയിലും തുറന്ന വാഹനത്തിലെത്തിയ സ്ഥാനാർത്ഥികളും അനുധാവനം ചെയ്ത് വാഹനങ്ങളും കാഴ്ചക്കാരെയും തിരഞ്ഞെടുപ്പ് ആവേശത്തിലാക്കി.

കൊല്ലം കോർപ്പറേഷനിലും നാല് നഗരസഭകളിലും മുന്നണി പ്രവർത്തകരും സ്ഥാനാർത്ഥികളും റോഡ് ഷോകളുടെ തിരക്കിലായിരുന്നു. വൈകിട്ട് ആറോടെ പ്രചാരണ വാഹനങ്ങൾ ഓരോന്നായി നിശബ്ദമായി. ഇതോടെ പെരുമഴ പെയ്തൊഴിഞ്ഞ നിശബ്ദതയായി നാടെങ്ങും.

 ജില്ലയിൽ ആകെ

വോട്ടർമാർ: 22,20,425
സ്ത്രീകൾ: 11,77,437

പുരുഷന്മാർ: 10,42,969

ട്രാൻസ്‌ജെൻഡേഴ്‌സ്: 19
പോളിംഗ് സ്റ്റേഷനുകൾ: 2,761
വാർഡുകൾ:1,420
സ്ഥാനാർത്ഥികൾ: 5,717

പുരുഷന്മാർ: 2,691
സ്ത്രീകൾ: 3,028

(രണ്ട് സ്ഥാനാർത്ഥികൾ മരിച്ചു)