
ലോക്ക്ഡൗൺ കാലത്ത് നാടാകെ സ്തംഭിച്ചപ്പോൾ മങ്ങാടാകെ ഓടി നടന്നയാളാണ് ടി.ജി. ഗിരീഷ്. പാവങ്ങൾക്ക് ഭക്ഷ്യധാന്യകിറ്റുകളെത്തിച്ചു. കാൻസർ രോഗികൾക്ക് ദൂരസ്ഥലങ്ങളിൽ നിന്ന് മരുന്ന് വാങ്ങി നൽകി. പാവങ്ങളെ ആശുപത്രിയിൽ കൊണ്ടുപോയി. കൊവിഡ് ബാധിതർക്ക് അവശ്യവസ്തുക്കൾ എത്തിച്ചുനൽകി. ഇങ്ങനെ നാട്ടുകാരുടെ ഹൃദയങ്ങളിൽ ചേക്കേറിയ ഗിരീഷാണ് കൊല്ലം കോർപ്പറേഷൻ മങ്ങാട് ഡിവിഷനിലെ ബി.ജെ.പി സ്ഥാനാർത്ഥി.
അടുത്തിടെ മങ്ങാട് ശാസ്താംമുക്കിന് താഴെ വയൽ കരയിലുള്ള വീടുകളിൽ വെള്ളംകയറി. 30 ഓളം കുടുംബങ്ങളാണ് അവിടെയുള്ളത്. വിവരമറിഞ്ഞ് ഗിരീഷും സഹപ്രവർത്തകരും ഓടിയെത്തിയപ്പോൾ നിരവധിപേർ മുട്ടറ്റം വെള്ളത്തിൽ മുങ്ങിനിൽക്കുന്നു. ഗിരീഷിന്റെ നേതൃത്വത്തിൽ സ്ഥലത്തെ ഒഴുക്ക് തടസപ്പെട്ട ഓടകളെല്ലാം മണിക്കൂറുകൾക്കകം വൃത്തിയാക്കി. ഇതോടെ വെള്ളം തനിയെ ഇറങ്ങിത്തുടങ്ങി. വീടുകളെല്ലാം കഴുകി വൃത്തിയാക്കാൻ സഹായിച്ച ശേഷമാണ് ഗിരീഷും സംഘവും മടങ്ങിയത്. യുവമോർച്ചയിലൂടെയാണ് ഗിരീഷ് രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് ബി.ജെ.പി ബൂത്ത് പ്രസിഡന്റായി. ജനങ്ങൾക്കിടയിൽ സജീവമായപ്പോൾ പാർട്ടി അർഹിക്കുന്ന അംഗീകാരങ്ങൾ നൽകി. ബി.ജെ.പി ഏരിയാ ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ പദവികളിലെത്തി. ഇപ്പോൾ കൊല്ലം നിയോജമണ്ഡലം സെക്രട്ടറിയാണ്.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാവരെയും ഞെട്ടിച്ച് മങ്ങാട് ഡിവിഷനിൽ ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തി. പിന്നീട് ഗിരീഷിന്റെ നേതൃത്വത്തിൽ പ്രവർത്തനം ഊർജ്ജിതമാക്കി. നാട്ടുകാർക്കൊപ്പം എന്തിനും ഏതിനും ഗിരീഷും സഹപ്രവർത്തകരും ഉണ്ടായിരുന്നു. മങ്ങാട് ശ്രീകുമാരപുരം ക്ഷേത്രത്തിന് സമീപമാണ് ഗിരീഷിന്റെ വീട്. ഈ ക്ഷേത്രവുമായി അദ്ദേഹത്തിന് ഏറ്റവും അടുത്ത ബന്ധമാണുള്ളത്. ശ്രീനാരായണ ദർശനങ്ങളിലും അതീവ തല്പരനാണ്. ശബരിമല ക്ഷേത്രത്തില ആചാര ലംഘന ശ്രമങ്ങൾക്കെതിരെ പ്രദേശത്ത് വിശ്വാസികളുടെ വലിയ കൂട്ടായ്മയ്ക്കും രൂപം നൽകി.
 ശക്തനായ പോരാളി
മങ്ങാട് ഹോളിക്രോസ് ദേവാലയത്തിന് സമീപം 60 വർഷം പഴക്കമുള്ള പൊതുകിണറുണ്ട്. സ്ഥലത്തെ പാവങ്ങൾ ദൂരസ്ഥലങ്ങളിൽ നിന്ന് തലച്ചുമടായാണ് നേരത്ത വെള്ളം എത്തിച്ചിരുന്നത്. ഇത് സ്ഥിരമായി കാണുന്ന മങ്ങാട് ചിറയിൽ കുടുംബത്തിലെ കൃഷ്ണൻ വിട്ടുനൽകിയ ഭൂമിയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കിണർ നിർമ്മിച്ചത്. ഇത് അടുത്തിടെ ഒരാൾ കൈയേറാൻ ശ്രമിച്ചു. പ്രദേശത്തുള്ള മറ്റ് രാഷ്ട്രീയക്കാർ കണ്ടഭാവം നടിച്ചില്ല. പക്ഷെ ഗിരീഷ് നഗരസഭയ്ക്ക് പരാതി കൊടുത്തു. കഴിഞ്ഞദിവസം ഗിരീഷിന് നഗരസഭാ സെക്രട്ടറിയുടെ കത്തെത്തി. പരാതി ശരിയാണെന്നും കിണർ പുനരുദ്ധീകരിച്ച് സംരക്ഷിക്കാൻ 1,38,000 രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ടെന്നുമാണ് കത്തിലെ ഉള്ളടക്കം.
സ്ഥലത്തെ സഹകരണ ബാങ്കിലെ അഴിമതി പുറത്തുകൊണ്ടുവന്നത് ഗിരീഷിന്റെ നേതൃത്വത്തിലാണ്. സംഗതി ഒതുക്കാൻ ശ്രമിച്ചപ്പോൾ സമരം സംഘടിപ്പിച്ച് കുറ്റക്കാരനെതിരെ നടപടി ഉറപ്പാക്കി. സമീപത്തെ സ്കൂളിലെ കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടിനെതിരെയും സമരരംഗത്താണ്.
 ജനകീയ പ്രശ്നങ്ങളിൽ പ്രതീക്ഷ
ഡിവിഷനിലെ ജനകീയ പ്രശ്നങ്ങളിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. തെരുവ് വിളക്കുകൾ പലതും കത്തുന്നില്ല. അർഹരായ പലർക്കും ആനുകൂല്യങ്ങൾ നിഷേധിച്ചു. പാർപ്പിട നിർമ്മാണ പദ്ധതിയിൽ അർഹരായ പലരുടെയും അപേക്ഷ ആദ്യഘട്ടത്തിൽ തള്ളിയതായി ഗിരീഷ് പറയുന്നു. പിന്നീട് തേവള്ളിയിലെ ബി.ജെ.പി കൗൺസിലറുടെ സഹായത്തോടെയാണ് ഇവരെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്തിയത്.
 ഗിരീഷിന്റെ ഉറപ്പുകൾ
 കുടിവെള്ള ക്ഷാമത്തിനും തെരുവുനായ ശല്യത്തിനും പരിഹാരം
 അണയാത്ത തെരുവ് വിളക്കുകൾ
 മങ്ങാട് പൊതുകിണർ ശുചീകരിച്ച് കുടിവെള്ളം ലഭ്യമാക്കും
 സമ്പൂർണ പാർപ്പിട പദ്ധതി
 നിർമ്മാണം മുടങ്ങിയ വീടുകൾ പൂർത്തിയാക്കും
 മാലിന്യസംസ്കരണത്തിന് സ്ഥിരം സംവിധാനം
 മാസത്തിലൊരിക്കൽ ഭവനസന്ദർശനം
 എല്ലാവർക്കും ഇൻഷ്വറൻസ്
 എല്ലാ കുടുംബങ്ങൾക്കും കേന്ദ്ര സർക്കാർ ആനുകൂല്യം
 ബൈപ്പാസ് കേന്ദ്ര സഹായത്തോടെ അപകടരഹിതമാക്കും
 ചാമുണ്ഡി വയലിലെ വെള്ളപ്പൊക്കം പരിഹരിക്കും
 സ്കൂളുകളുടെ നിലവാരമുയർത്തും
 പ്രാഥമികാരോഗ്യകേന്ദ്രം ഹൈടെക്ക് ആക്കും
 അങ്കണവാടിക്ക് ഹൈടെക് സൗകര്യങ്ങൾ
 ശ്രീകുമാരപുരം ക്ഷേത്രത്തിലെ ശിവഗിരി തീർത്ഥാടന ഇടത്താവളം കേന്ദ്ര സഹായത്തോടെ വികസിപ്പിക്കും
 എല്ലാവർക്കും സാമൂഹ്യ സുരക്ഷാ പെൻഷൻ
 ഡിവിഷൻ തലത്തിൽ ഹെൽപ്പ് ഡെസ്ക്
 മങ്ങാട് മാർക്കറ്റിന് പുതിയ സ്ഥലം കണ്ടെത്തി ഹൈടെക്ക് സൗകര്യങ്ങൾ
 യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കും
 വിലക്കുറവിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന കച്ചവടകേന്ദ്രം
 പദ്ധതികളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാൻ പൊതുസമ്മതരുടെ സമിതി
 സ്ത്രീകൾക്ക് സ്വയം തൊഴിൽ പദ്ധതി
 മങ്ങാടൻ കയറിന്റെ വിപണി വീണ്ടെടുക്കും
 സാമൂഹ്യവിരുദ്ധ ശല്യം ഒഴിവാക്കാൻ കാമറകൾ