pangajarajan

കൊല്ലം: നീണ്ടകാലത്തെ പൊതുപ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ ചേക്കേറിയ സി.പി.ഐ നേതാവ് എൻ. പങ്കജരാജനാണ് എഴുകോൺ പഞ്ചായത്ത് ഓഫീസ് എട്ടാം വാർഡിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി.

കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, താലൂക്ക് ആശുപത്രി വികസന സമിതി വൈസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. എട്ടാം വാർഡിലെ മുൻകാല എൽ.ഡി.എഫ് പ്രതിനിധികൾ നടത്തിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പങ്കജരാജൻ വോട്ടുതേടുന്നത്. വിജയിച്ചാൽ എഴുകോൺ മാർക്കറ്റ് ഹൈടെക്ക് ആക്കും, വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനും തൊഴിൽ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ, തെരുവ് വിളിക്കുകൾ കൃത്യമായി പ്രകാശിപ്പിക്കൽ, മുഴുവൻ വീടുകളിലും കുടിവെള്ളം എത്തിക്കൽ, തെരുവ് നായ ശല്യത്തിന് പരിഹാരം, സമ്പൂർണ പാർപ്പിട ഗ്രാമം, എഴുകോൺ ജംഗ്ഷനിലെ ഗതാഗത കുരുക്കിന് പരിഹാരം, ജലസേചന പദ്ധതികൾ തുടങ്ങിയവ പങ്കജരാജൻ ഉറപ്പ് പറയുന്നു.

വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് പങ്കജരാജൻ രാഷ്ട്രീയത്തിലെത്തിയത്. കഴിഞ്ഞ നാല്പത് വർഷമായി പൊതുരംഗത്തുണ്ട്. ഇപ്പോൾ മത്സരിക്കുന്ന വാർഡിൽ ആഴത്തിൽ വ്യക്തിബന്ധങ്ങളുമുണ്ട്.