അഞ്ചൽ: കൊട്ടിക്കലാശത്തിനിടെ അഞ്ചലിൽ യു.ഡി.എഫ്- എൽ.ഡി.എഫ് സംഘർഷം. ഇന്നലെ വൈകിട്ട് നാലരയോടെ അഞ്ചൽ അഗസ്ത്യക്കോടാണ് സംഭവം.9-ാം വാർഡ് യു .ഡി.എഫ് സ്ഥാനാർത്ഥി എസ് . ഷീജയുടെ പ്രചാരണം അഗസ്ത്യ ക്കോട് അമ്പലംമുക്കിൽ നിന്നും ആലഞ്ചേരി വഴിയിലൂടെ കടന്നു പോകവേ കുശിനിക്കിൽ വച്ച് എതിരേ വന്ന എൽ.ഡി.എഫിന്റെ പ്രകടനത്തിലുണ്ടായിരുന്ന ബൈക്കും യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ കാറും തമ്മിൽ കൂട്ടിമുട്ടുകയുണ്ടായി. ബൈക്ക് യാത്രികനായ ഒരു എൽ.ഡി.എഫ് പ്രവർത്തകനെ നിസാര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതേച്ചൊല്ലി ഇരുവിഭാഗവും തമ്മിൽ വാക്കേറ്റമുണ്ടാകുകയും കാറിന്റെ ചില്ലുകൾ തകർക്കുകയും കാറിലുണ്ടായിരുന്നവരെ തല്ലുകയും ചെയ്തുവത്രേ. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. അഞ്ചൽ എസ്.എച്ച്.ഒ അനിൽകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി സ്ഥിതിഗതികൾ നിയന്ത്രിക്കുകയും യു.ഡി.എഫ് സ്ഥാനാർത്ഥി എസ്. ഷീജയുടെ പരാതിയിൽ എൽ.ഡി.എഫ് പ്രവർത്തകരായ 20 പേർക്കെതിരേ കേസെടുക്കുകയും ചെയ്തു.