
 ഡൽഹി പൊലീസ് മുൻ ഉദ്യോഗസ്ഥൻ കസ്റ്റഡിയിൽ
കൊല്ലം: മൺറോത്തുരുത്ത് വില്ലിമംഗലത്ത് ഗൃഹനാഥൻ കുത്തേറ്റ് മരിച്ചു. വില്ലിമംഗലം നിധി പാലസിൽ മണിലാലാണ് (51) മരിച്ചത്. അലൂമിനിയം ഫേബ്രിക്കേഷൻ ജോലികൾ ചെയ്തുവരികയായിരുന്നു. ഇന്നലെ രാത്രി 9.30 ഓടെ വില്ലിമംഗലത്ത് വച്ചാണ് കുത്തേറ്റത്. ഉടൻ കുണ്ടറ താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് കൊല്ലത്തെ സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സി.പി.എം പ്രവർത്തകനാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ മുൻ ഉദ്യോഗസ്ഥൻ പട്ടംതുരുത്ത് സ്വദേശി അശോകനെ കിഴക്കേ കല്ലട പൊലീസ് കസ്റ്റഡിയിലെടുത്തു. അശോകനും മണിലാലും തമ്മിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ അശോകൻ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നും മൂന്ന് തവണ മണിലാലിന് കുത്തേറ്റെന്നും പൊലീസ് പറഞ്ഞു.
ഓടി രക്ഷപ്പെടാൻ ശ്രമിച്ച മണിലാലിനെ വില്ലിമംഗലത്തെ എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസിന് മുന്നിൽവച്ചാണ് കുത്തിവീഴ്ത്തിയത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അന്വേഷിക്കുകയാണെന്നും കസ്റ്റഡിയിലായ അശോകൻ മദ്യലഹരിയിലാണെന്നും കിഴക്കേ കല്ലട പൊലീസ് പറഞ്ഞു. ഭാര്യ: ജയശ്രീ. മകൾ: നിധി.