
കൊല്ലം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പും സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളുമായും ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ അഭിപ്രായവ്യത്യാസങ്ങളും ആശയസമരങ്ങളും ഏറ്റുമുട്ടലുകൾക്കും അക്രമങ്ങൾക്കും ഇടയാക്കിയ സ്ഥലങ്ങളിൽ തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാദ്ധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ്നടക്കുന്ന തലസ്ഥാന ജില്ലയുൾപ്പെടെ അഞ്ച് ജില്ലകളിൽ 1500 ഓളം പ്രശ്ന സാദ്ധ്യതാ ബൂത്തുകൾ കണ്ടെത്തിയതിന് പിന്നാലെയാണ് സംഘർഷ മുന്നറിയിപ്പും ഇന്റലിജൻസ് കൈമാറിയത്. ചെറുതും വലുതുമായ കാരണങ്ങളാൽ രാഷ്ട്രീയ ഏറ്റുമുട്ടലുകളും സംഘർഷങ്ങളുമുണ്ടായ എല്ലാ സ്ഥലങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും അതീവ ജാഗ്രത വേണമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിയിപ്പ്.
പുകയുന്ന വാക്പോരും വ്യക്തിഹത്യയും
സ്വർണക്കത്ത്, ലൈഫ് കോഴ, ഡോളർ കള്ളക്കടത്ത് തുടങ്ങി സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിഷയങ്ങളെല്ലാം പ്രതിപക്ഷ കക്ഷികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആയുധമാക്കിയത് രാഷ്ട്രീയമായി ഭരണകക്ഷിക്ക് ദോഷമുണ്ടാക്കിയിരുന്നു. ഇതിന് മറുമരുന്നായി രാഷ്ട്രീയമായ ആരോപണങ്ങൾക്കൊപ്പം വ്യക്തിഹത്യ പോലുള്ള നടപടികളുണ്ടായത് പല സ്ഥലങ്ങളിലും ഭരണ -പ്രതിപക്ഷ കക്ഷികൾ തമ്മിൽ വാക് പോരിനും സംഘർഷങ്ങൾക്കും കാരണമായി.
കഴിഞ്ഞദിവസം കൊല്ലം മൺറോതുരുത്തിൽ സി.പി.എം പ്രവർത്തകൻ ബി.ജെ.പി പ്രവർത്തകന്റെ കുത്തേറ്റ് മരിക്കാനിടയായ സംഭവവും നിസാരമായ വാക്കുതർക്കത്തിലാണ് തുടങ്ങിയത്. കൊല്ലപ്പെട്ട മണിലാലും അറസ്റ്റിലായ അശോകനും പരിചയക്കാരും സുഹൃത്തുക്കളുമായിരുന്നു. മൺറോതുരുത്തിലെ തിരഞ്ഞെടുപ്പുമായും മത്സരവുമായും ബന്ധപ്പെട്ട് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം തെറിവിളിയിലും കയ്യാങ്കളിയിലുമെത്തിയതിന് പിന്നാലെയാണ് കത്തിക്കുത്തും കൊലപാതകവുമുണ്ടായത്. ചടയമംഗലത്ത് കഴിഞ്ഞദിവസം പരസ്യപ്രചാരണത്തിന്റെ സമാപനവുമായി ബന്ധപ്പെട്ട് കോൺഗ്രസും സി.പി.എം പ്രവർത്തകരും തമ്മിലും വാക്കേറ്റവും സംഘർഷവുുണ്ടായി. പൊലീസ് ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ചത്. സമാന സാഹചര്യങ്ങളുണ്ടായ നിരവധി സ്ഥലങ്ങൾ പലയിടത്തുമുണ്ട്. ലോക് സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായ വാക്കേറ്റവും സംഘർഷവും വെഞ്ഞാറമൂട്ടിൽ രണ്ട് സി.പി.എം പ്രവർത്തകരുടെ കൊലപാതകത്തിൽ കലാശിച്ച സാഹചര്യങ്ങൾ കൂടി പരിഗണിച്ച് ഒറ്റപ്പെട്ട സംഭവങ്ങളെപ്പോലും അവഗണിക്കാൻ പാടില്ലെന്ന താക്കീതും റിപ്പോർട്ടിലുണ്ട്.
പൊലീസ് നിഷ്പക്ഷത പുലർത്തുമോ?
സംഘർഷങ്ങളിൽ പൊലീസ് നിഷ്പക്ഷത പുലർത്തണമെന്നും കുറ്റക്കാർക്കെതിരെ കർശനമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും റിപ്പോർട്ട് ശുപാർശചെയ്യുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും വിധത്തിലുള്ള വീഴ്ചയുണ്ടായാൽ നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ അത് വിമർശനങ്ങൾക്ക് ഇടയാക്കും.അതിലുപരി അത് വൈരം വർദ്ധിക്കാനും സംഘർഷം ആളിപ്പടരാനും കാരണമാകുമെന്നും റിപ്പോർട്ടിൽ ഓർമ്മിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരസഭയിൽ സി.പി.എമ്മും- ബി.ജെ.പിയും തമ്മിലുള്ള പോര് മുഖാമുഖമായതും ഭരണം നിലനിർത്താനും പിടിച്ചെടുക്കാനും ഇരുകൂട്ടരും നടത്തുന്ന ശ്രമവും ഇരുകക്ഷികൾക്കുമിടയിൽ ശത്രുത വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
കണക്കും പകരവും
ശ്രീകാര്യത്ത് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിന് ശേഷം ജീവഹാനിക്കിടയാക്കുന്ന വിധത്തിലുള്ള രാഷ്ട്രീയ അക്രമങ്ങൾ തലസ്ഥാനത്തുണ്ടായില്ലെങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം അതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ലെന്ന സൂചനയുമുണ്ട്. കണക്ക് തീർക്കലും പകരം ചോദിക്കലും പോലുളള സംഭവങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഉണ്ടാകാനിടയുണ്ട്. വർക്കല ചെമ്മരുതിയിൽ കഴിഞ്ഞദിവസം ഡി.വൈ.എഫ്.ഐ- ആർ.എസ്.എസ് ഏറ്റുമുട്ടലുണ്ടായ സാഹചര്യവും സ്ഥലത്ത് ഇനിയും രാഷ്ട്രീയ സംഘർഷത്തിനുള്ള സാദ്ധ്യതയും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും പാർട്ടികൾക്കും മുന്നണികൾക്കും തലവേദന സൃഷ്ടിച്ച റിബലുകൾ, സ്വതന്ത്രൻമാർ എന്നിവർക്ക് നേരെയും തിരഞ്ഞെടുപ്പിന് ശേഷം അതിക്രമങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ഇക്കാര്യങ്ങളിൽ പൊലീസിന്റെ ജാഗ്രതയുണ്ടാകണമെന്ന ഓർമ്മപ്പെടുത്തലുമുണ്ട്.
ആലപ്പുഴജില്ലയിലെ കായംകുളം നഗരസഭയുൾപ്പെടെയുള്ള സ്ഥലങ്ങൾ, പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കോട്ടയം ജില്ലയിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും രാഷ്ട്രീയ ഏറ്റുമുട്ടലുകൾക്കും പകപോക്കലുകൾക്കുമുള്ള സാദ്ധ്യതകളും മുന്നറിയിപ്പിലുണ്ട്. കേരള കോൺഗ്രസ് എം ഇടതുമുന്നണിയിലേക്ക് മാറിയ സാഹചര്യത്തിൽ യു.ഡി.എഫും മാണി വിഭാഗവും തമ്മിൽ കോട്ടയത്ത് പരസ്യമായ എതിർപ്പുകളും വാക് പോരും സംഘർഷകാരണങ്ങളായി കലാശിക്കാമെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പായുണ്ട്.