
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കം ജില്ലയിൽ പൂർത്തിയായി. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നലെ രാത്രിയോടെ പൂർത്തീകരിച്ചു. ഇ.വി.എം, കൺട്രോൾ യൂണിറ്റ് എന്നിവ ഉൾപ്പെടുന്ന വോട്ടിംഗ് സാമഗ്രികൾ ബൂത്തുകളിൽ എത്തിച്ചു. പോളിംഗ് ഓഫീസർമാർ രാവിലെ എട്ട് മുതൽ വോട്ടിംഗ് സാമഗ്രികൾ കൈപ്പറ്റി തുടങ്ങിയിരുന്നു. പോളിംഗ് സാമഗ്രികളുടെ വിതരണത്തിന് ശേഷം പോളിംഗ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ പ്രത്യേക വാഹനങ്ങളിൽ പോളിംഗ് സ്റ്റേഷനുകളിൽ എത്തിച്ചു.
 വോട്ടിംഗ്
രാവിലെ 7 മുതൽ വൈകിട്ട് 6 വരെ
 വാർഡുകൾ: 1,420
 പോളിംഗ് സ്റ്റേഷൻ: 2,761
 പോളിംഗ് ബൂത്ത് പ്രവർത്തനം ഇങ്ങനെ
 പോളിംഗ് ബൂത്തുകളിൽ പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, പോളിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും
 കൊവിഡ് മാനദണ്ഡം ഉറപ്പാക്കുകയാണ് പോളിംഗ് അസിസ്റ്റന്റിന്റെ ജോലി
 ബൂത്തിന്റെ ചുമതല പ്രിസൈഡിംഗ് ഓഫീസർക്ക്
 ഒന്നാം പോളിംഗ് ഓഫീസർ വോട്ട് ചെയ്യാനെത്തുന്നവരുടെ തിരിച്ചറിയൽ രേഖയും വോട്ടർ പട്ടികയിലെ വിവരങ്ങളും പരിശോധിക്കും
 രണ്ടാം പോളിംഗ് ഓഫീസർ വോട്ടറുടെ ഇടത് ചൂണ്ടുവിരലിൽ മഷി പുരട്ടി രജിസ്റ്ററിൽ ഒപ്പ് രേഖപ്പെടുത്തി വോട്ടേഴ്‌സ് സ്ലിപ്പ് നൽകും
 മൂന്നാം പോളിംഗ് ഓഫീസർ സ്ലിപ്പ് സ്വീകരിച്ചശേഷം കൺട്രോൾ യൂണിറ്റിലെ ബാലറ്റ് ബട്ടൺ അമർത്തും. തുടർന്ന് വോട്ട് രേഖപ്പെടുത്താം
 വൈകിട്ട് ആറിന് വോട്ട് ചെയ്യാനായി വരി കാത്തുനിൽക്കുന്നവർക്ക് ടോക്കൺ നൽകും. ടോക്കൺ ലഭിക്കുന്ന എല്ലാവർക്കും വോട്ട് ചെയ്യാനാകും