election
കൊല്ലം തേവള്ളി മോ‌ഡൽ ബോയ്സ് സ്കൂളിൽ നിന്ന് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പുറത്തേക്ക് വരുന്ന ഉദ്യോഗസ്ഥർ

കൊല്ലം: നിശബ്ദ പ്രചാരണവും അവസാനിച്ച് നഗരം ഇന്ന് പോളിംഗ് ബൂത്തുകളിലേക്ക് പോകുമ്പോൾ ഭരണം കൈപ്പിടിയിലാകുമെന്ന ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. അതുകൊണ്ട് തന്നെ പ്രവചനങ്ങൾ അസാദ്ധ്യമാകും വിധം എല്ലാ ഡിവിഷനുകളിലും ഇഞ്ചോടിച്ച് മത്സരമാണ് നടക്കുന്നത്.

വലിയ ഭൂരിപക്ഷത്തിൽ ഭരണം നിലനിറുത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുന്നു. അട്ടിമറി വിജയത്തിലൂടെ നഗരം പിടിച്ചെടുക്കുമെന്ന് യു.ഡി.എഫ്, എൻ.ഡി.എ നേതാക്കളും പറയുന്നുണ്ട്. എന്തായാലും ജനങ്ങളുടെ മനസറിയാൻ ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും.

ഇന്ന് പോളിംഗ് അവസാനിച്ചാലും സ്ഥാനാർത്ഥികളുടെയും പ്രവർത്തകരുടെയും ചങ്കിടിപ്പ് അവസാനിക്കില്ല. അത് കണക്കുകൾ കൂട്ടിയും കിഴിച്ചും വോട്ടെണ്ണുന്ന 16 വരെ തുടരും.

 വാശിയേറിയ പ്രചാരണം

നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ വാശിയേറിയ പ്രചാരണമാണ് ഇത്തവണ നടന്നത്. എല്ലാ മുന്നണികളുടെയും സംസ്ഥാന നേതാക്കൾ പലതവണ നഗരത്തിലെത്തി. പൊതുയോഗങ്ങൾ കുറവായതിനാൽ അവസാന ദിവസങ്ങളിൽ പോലും സംസ്ഥാന നേതാക്കൾ വീടുകൾ കയറി വോട്ട് ചോദിച്ചു.

സ്ഥാനാർത്ഥികൾക്കും പാർട്ടി പ്രവർത്തകർക്കും ഇന്നലെയും വിശ്രമം ഉണ്ടായിരുന്നില്ല. പുലർച്ചെ മുതൽ രാത്രി വൈകും വരെ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. വീറും വാശിയും പതിവിനെക്കാൾ ഉയർന്നെങ്കിലും കാര്യമായ അക്രമസംഭവങ്ങൾ ഉണ്ടാകാതിരുന്നതാണ് ആശ്വാസം.

 നഗരസഭ പിടിച്ചെടുക്കാൻ...

അകെ ഡിവിഷനുകൾ: 55

പോളിംഗ് ബൂത്തുകൾ: 265

ആകെ വോട്ടർമാർ: 3,06,365

പുരുഷന്മാർ: 1,46,387

സ്ത്രീകൾ: 1,59,976

ട്രാൻസ്ജെൻഡർ: 2

സ്ഥാനാർത്ഥികൾ: 231

സ്ത്രീകൾ: 115

പുരുഷന്മാർ: 116