lor
കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട്ട് സിമൻറ് കയറ്റിയെത്തിയ ടോറസ് ലോറി നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിൽ മറിഞ്ഞ നിലയിൽ..

പുനലൂർ:അപകടം പതിവായ കൊല്ലം-തിരുമംഗലം ദേശീയ പാതയിലെ കലയനാട് വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.അഞ്ച് വർഷം മുമ്പ്കൊടും വളവിനോട് ചേർന്ന കുഴിയുടെ ഭാഗത്ത് സ്ഥാപിച്ചിരുന്ന ക്രാഷ് ബാരിയർ വാഹനം ഇടിച്ചു നശിപ്പിച്ചിരുന്നു. എന്നാൽ രണ്ട് മാസം മുമ്പ് ദേശീയ പാത നവീകരിച്ച് മോടിപിടിപ്പിച്ചിട്ടും തകർന്ന് പോയ ക്രാഷ്ബാരിയർ പുനസ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ല.

ടോറസ് ലോറി മറിഞ്ഞു

ഇന്നലെ പുലർച്ചെ ഒന്നിന് സിമന്റ് കയറ്റിയെത്തിയ ടോറസ് ലോറി കലയനാട് വളവിൽ നിയന്ത്രണം വിട്ട് സമീപത്തെ കുഴിയിൽ മറിഞ്ഞ് ലോറി ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ചെങ്കോട്ടയിൽ നിന്നും കരുനാഗപ്പള്ളിയിലേക്ക് സിമന്റ് കയറ്റിയെത്തിയ പതിനാറ് ചക്രങ്ങളുള്ള ലോറിയാണ് നിയന്ത്രണം വിട്ട് സമീപത്തെ താഴ്ചയിലേക്ക് മറിഞ്ഞത്.ഓടിച്ച് വന്ന ലോറി കൊടുംവളവിൽ എത്തിയപ്പോൾ സ്റ്റിയറിംഗ് തിരിയാതിരുന്നതിനെ തുടർന്നാണ് സമീപത്തെ വസ്ത്ര വ്യാപാരശാലയുടെ കൂറ്റൻ പരസ്യ ബോർഡും തകർത്ത് കുഴിയിലേക്ക് മറിഞ്ഞതെന്ന് ഡ്രൈവർ പറഞ്ഞു.

വാഹനാപകടം നിത്യസംഭവം

കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇവിടെ വാഹനാപകടം നിത്യസംഭവമായി മാറിയിട്ടും പാതയോരത്ത് പാർശ്വഭിത്തി നിർമ്മിക്കാനോ , ക്രാഷ് ബാരിയർ സ്ഥാപിക്കാനോ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായി. പത്ത് വർഷം മുമ്പ് നടന്ന അപകടത്തിൽ ഒരു സ്കൂട്ടർ യാത്രക്കാരൻ മരിക്കുകയും 50 ഓളം വാഹനാപകടങ്ങളിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.കൊടും വളവിലെ ഓടയിൽ വാഹനങ്ങൾ സ്ഥിരമായി മറിയുന്നത് കണക്കിലെടുത്ത് പുതീയ കോൺക്രീറ്റ് ഓട സ്ഥാപിച്ച ശേഷം മൂടിയും ഇട്ടതോടെ ഇവിടുത്തെ അപകടം ഒരു പരിധി വരെ ഒഴിവാക്കാൻ കഴിഞ്ഞു.എന്നാൽ ഇതിന് എതിർ വശത്ത് നശിച്ച് പോയ ക്രാഷ്ബാരിയർ പുനസ്ഥാപിക്കാത്തതാണ് തെന്മല ഭാഗത്ത് നിന്നെത്തുന്ന വാനങ്ങൾ സ്ഥിരമായി കുഴിയിലേക്ക് മറിയുന്നത്.അയൽ സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് ചരക്ക് കയറ്റിയെത്തുന്ന വാഹനങ്ങളാണ് ഇവിടെ മറിയുന്നവയിൽ ഏറെയും. ഇതിന് സമീപത്തെ വളവിൽ ക്രാഷ്ബാരിയർ സ്ഥിച്ചിട്ടുണ്ടെങ്കിലും കൊടും വളവും കുത്തിറക്കവുമായ ഇവിടെ തകർന്ന് പോയ ക്രാഷ്ബാരിയർ സ്ഥാപിച്ചില്ലെങ്കിൽ അപകടങ്ങൾ ഇനിയും വർദ്ധിക്കും.