
കൊല്ലം: സുഗമമായ വോട്ടിംഗിനും ക്രമസമാധാന പാലനത്തിനും ശക്തമായ സുരക്ഷയാണ് ജില്ലയിലുടനീളം സജ്ജമാക്കിയിരിക്കുന്നത്. ഓരോ ബൂത്തിലും പൊലീസ് പട്രോളിംഗ് വാഹനങ്ങൾക്ക് പുറമേ സ്ട്രൈക്കിംഗ് ഫോഴ്സുകളും സായുധ പൊലീസ് വിഭാഗങ്ങളും രംഗത്തുണ്ട്. രാവിലെ ആറ് മുതൽ വൈകിട്ട് ആറുവരെ ഓരോ പത്ത് മിനിട്ട് ഇടവിട്ട് എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാരടങ്ങുന്ന പട്രോളിംഗ് സംഘം എല്ലാ ബൂത്തുകളിലും ജീപ്പുകളിൽ വന്നുപോയ്ക്കൊണ്ടിരിക്കും.
ഓരോ ബൂത്തിലും ഓരോ പൊലീസുകാരെയാണ് പോളിംഗ് ദിവസം നിയോഗിക്കുക. രണ്ട് ബൂത്തുകൾ പ്രവർത്തിക്കുന്നിടത്ത് ഒരു പൊലീസ് സേനാംഗത്തെയും ഒരു സ്പെഷ്യൽ പൊലീസ് ഓഫീസറെയും നിയോഗിക്കും.
ഓരോ പൊലീസ് സ്റ്റേഷനിലും സ്റ്റേഷൻ വാഹനങ്ങൾ കൂടാതെ പത്ത് വീതം പട്രോളിംഗ് യൂണിറ്റുകളുമുണ്ടാകും. കൂടാതെ എല്ലാ സബ് ഡിവിഷനുകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ സബ് ഡിവിഷൻ പട്രോളിംഗ് യൂണിറ്റുകളും ജില്ലാ തലത്തിൽ എസ്.പിയുടെയും കമ്മിഷണറുടെയും ഡി.ജി.പിയുടെയും പ്രത്യേക പട്രോളിംഗ് യൂണിറ്റുകളും തിരഞ്ഞെടുപ്പ് ചുമതലകൾക്കായുണ്ട്. അയ്യായിരത്തോളം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. അതാത് പൊലീസ് ജില്ലകളിൽ നിന്നുള്ളവർക്ക് പുറമേ റിസർവ് ക്യാമ്പുകൾ, അയൽ ജില്ലകൾ, ക്രൈം ബ്രാഞ്ച്, വിജിലൻസ്, റെയിൽവേ, എക്സൈസ്, മോട്ടോർ വാഹനവകുപ്പ് വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും സുരക്ഷാ സന്നാഹങ്ങൾക്കായി അണിനിരന്നിട്ടുണ്ട്.
എസ്.ഐ മാരുടെ നേതൃത്വത്തിൽ 250 ഓളം ഗ്രൂപ്പ് പട്രോളിംഗാണ് ജില്ലയിലുള്ളത്. ക്രമസമാധാനപാലനത്തിന് 90 പട്രോളിംഗ് വിഭാഗം പ്രത്യേകമായുണ്ട്. 50 സി.ഐ പട്രോളിംഗ് യൂണിറ്റുകളും സബ് ഡിവിഷനുകളുടേതിന് പുറമേ 40ഓളം സ്ട്രൈക്കിംഗ് ഫോഴ്സുകളും നേതൃത്വം നൽകും.