 
 കൊവിഡിനെ തോൽപ്പിച്ച് ജനാധിപത്യം
കൊല്ലം: കൊവിഡ് മഹാമാരി മറികടന്ന് ഒരുമാസത്തെ പരസ്യ പ്രചാരണത്തിനൊടുവിൽ ജില്ല ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഇന്നലെ പ്രചാരണം നിശബ്‌ദമായിരുന്നെങ്കിലും കൃത്യമായ വിലയിരുത്തലിന്റെ ദിനം കൂടിയായിരുന്നു. പരസ്യ പ്രചാരണത്തിൽ പിന്നിൽ പോയെന്ന് തോന്നിയ മേഖലകളിലായിരുന്നു ഇന്നലത്തെ സ്‌ക്വാഡ് വർക്കുകൾ.
ചാഞ്ചാടി നിൽക്കുന്ന വോട്ടുകൾ ഉറപ്പിക്കാനും അവസാന നിമിഷത്തെ അടിയൊഴുക്ക് തടയാനും ജാഗ്രതയിലായിരുന്നു മുന്നണി നേതാക്കൾ. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ 73.67 ശതമാനമായിരുന്നു ജില്ലയിലെ പോളിംഗ് നിരക്ക്. കൊവിഡിനെ മറികടന്ന് ജനം പോളിംഗ് ബൂത്തിലെത്തുമെന്നും വോട്ടിംഗ് നിരക്ക് ഉയരുമെന്നുമാണ് മുന്നണികളുടെ പ്രതീക്ഷ.
കഴിഞ്ഞ തവണത്തെ നേട്ടം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പുകൾ പങ്കുവയ്ക്കുന്ന പ്രതീക്ഷ. എന്നാൽ, വലിയ മുന്നേറ്റമുണ്ടാക്കുമെന്നും ജില്ല തങ്ങൾക്കൊപ്പം നിൽക്കുമെന്നുമാണ് യു.ഡി.എഫ് കേന്ദ്രങ്ങളുടെ വിലയിരുത്തൽ. ഇരു മുന്നണികളെയും മറികടന്ന് മുന്നേറ്റം നടത്തുമെന്ന നിലപാടിലാണ് എൻ.ഡി.എ.
 കഴിഞ്ഞ തവണത്തെ വോട്ടിംഗ് ശതമാനം
ഗ്രാമപഞ്ചായത്ത്: 75%
ബ്ലോക്ക് പഞ്ചായത്ത്: 76%
മുനിസിപ്പാലിറ്റി: 88%
കോർപ്പറേഷൻ: 69.12%
ആകെ: 73.67%