 
പുനലൂർ: നഗരസഭയിലേക്കും സമീപത്തെ ത്രിതല പഞ്ചായത്തുകളിലേക്കും ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ആവശ്യമായ ഇലട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ അടക്കമുളള സാമഗ്രികൾ ഇന്നലെ ഉച്ചയോടെ വിതരണം ചെയ്തു.വിതരണ കേന്ദ്രമായ പുനലൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പുനലൂർ നഗരസഭയിലെ 35 വാർഡുകളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങൾ ഉച്ചക്ക് 12ന് മുമ്പ് വിതരണം ചെയ്തു .കൊവിഡിനെ തുടർന്ന് പോളിംഗ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാർ സഞ്ചരിക്കുന്ന വാഹനങ്ങളിലാണ് ഇത്തവണ വോട്ടിംഗ് യന്ത്രങ്ങളും മറ്റും വിതരണ കേന്ദ്രങ്ങളിൽ നിന്നും എത്തിച്ച് നൽകിയത്.വിതരണ കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള വനപാലകരും പൊലിസും ചേർന്നാണ് തിരഞ്ഞെടുപ്പ് സാമഗ്രികൾ വാനങ്ങളിൽ എത്തിച്ചു നൽകിയത്.
ഒരു പോളിംഗ് സ്റ്റേഷനിൽ ആറ് ജീവനക്കാർ
നഗരസഭയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ ഒരു പൊലീസുകാരൻ ഉൾപ്പടെ ആറ് ജീവനക്കാർ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് വരണാധികാരിയായ പുനലൂർ വനം സെയിൽസ് ടിംബർ ഡി.എഫ്.ഒ.അനിൽ ആന്റണി അറിയിച്ചു.35 ബൂത്തുകളിലായി 210 ജീവനക്കാർ ഡ്യൂട്ടി നോക്കും. സമീപത്തെ കരവാളൂർ, തെന്മല, ആര്യങ്കാവ് പഞ്ചായത്തുകളിലെ പോളിഗ് സ്റ്റേഷനുകളിലേക്കുളള വോട്ടിംഗ് യന്ത്രണങ്ങളും ഉച്ചക്ക് 2.30ഓടെ വിതരണം ചെയ്തു കഴിഞ്ഞിരുന്നു.അഞ്ചൽ ഗവ.ഹയർ സെക്കൻഡറി സ്കൂൾ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളായിരുന്നു വിതരണ കേന്ദ്രങ്ങൾ.16വാർഡുകൾ ഉള്ള തെന്മല ഗ്രാമ പഞ്ചായത്തിൽ ചെറുകടവ്, നാഗമല, മാമ്പഴത്തറ തുടങ്ങിയ മൂന്ന് പോളിംഗ് സ്റ്റേഷനുകൾ മലയോര മേഖലയിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വരണാധികാരിയായ പൊതുമരാമത്ത് വകുപ്പ് (കെട്ടിട വിഭാഗം) അസി.എക്സിക്യൂട്ടീവ് എൻജിനീയർ മിനി അറിയിച്ചു.