photo
കരുനാഗപ്പള്ളി ടൗൺ എൽ.പി സ്കൂളിൽ സ്ട്രോങ് റൂമിൽ നിന്നും പുറത്തെടുത്ത വോട്ടിംഗ് യന്ത്രങ്ങൾ

കരുനാഗപ്പള്ളി: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും കരുനാഗപ്പള്ളി നഗരസഭയിൽ പൂർത്തിയായി. ഇന്നലെ രാവിലെ 11 മണിയോടെ തന്നെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിംഗ് സ്റ്റേഷനിൽ എത്തിയിരുന്നു. രാവിലെ 8 മണിക്ക് തന്നെ വോട്ടിംഗ് യന്ത്രങ്ങൾ സ്ട്രോംഗ് റൂമിൽ നിന്ന് പുറത്തെത്തിച്ച് റിട്ടേണിംഗ് ഓഫീസർമാർ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറി. എല്ലാ ബൂത്തുകളിലും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. സ്ഥാനാർത്ഥികളുടെ ചീഫ് ഇലക്ഷൻ ഏജന്റ് ഉൾപ്പെടെയുള്ള പോളിംഗ് ഏജന്റുമാർ പുലർച്ചെ 5.30ന് പ്രിസൈഡിംഗ് ഓഫീസറുടെ മുന്നിൽ റിപ്പോർട്ട് ചെയ്യണം. തുടർന്ന് വോട്ടിംഗ് യന്ത്രത്തിന്റെ പരിശോധന ആരംഭിക്കും. 7 മണിക്ക് പോളിംഗ് തുടങ്ങും. ഒരേ സമയം സ്ഥാനാർത്ഥിയുടെ ഒരു പോളിംഗ് ഏജന്റിന് മാത്രമേ പോളിംഗ് സ്റ്റേഷനിൽ ഇരിക്കാൻ കഴിയൂ.

പോളിംഗ് ബൂത്തുകളിൽ ശക്തമായ ക്രമീകരണം:

‌ഡ്യൂട്ടിക്കെത്തുന്നത് 500 ഓളം പൊലീസുകാ‌ർ

പോളിംഗ് ബൂത്തുകളിൽ ശക്തമായ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. 500 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് കരുനാഗപ്പള്ളി എ.സി.പിയുടെ നിയന്ത്രത്തിൽ പോളിംഗ് സുഗമമായി നടത്തുന്നതിനായി ഡ്യൂട്ടിക്കെത്തുന്നത്. പ്രശ്ന ബാധിത ബൂത്തുകളിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ച് കഴിഞ്ഞു. നിലവിലുള്ള പട്രോളിംഗ് സംഘത്തെ കൂടാതെ 10 ബൂത്തുകൾ ക്രമീകരിച്ച് പ്രത്യേക പെട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പോളിംഗിന് തടസമുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതർ അറിയിച്ചു.

കൊവിഡ് ബാധിതരുടെ വോട്ട്

കൊവിഡ് പോസിറ്റീവായ രോഗികൾക്ക് അവസാനത്തെ ഒരു മണിക്കൂർ വോട്ട് ചെയ്യാനായി മാറ്റി വെയ്ക്കും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും കൊവിഡ് രോഗികൾക്ക് വോട്ട് ചെയ്യാനുള്ള ക്രമീകരണങ്ങൾ എല്ലാ ബൂത്തുകളിലും ഏർപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കി.