jappan

വളരെ വിചിത്രമായ ഒരു തപാൽപെട്ടിയുണ്ട് അങ്ങ് ജപ്പാനിൽ.

ജപ്പാനിലെ വകായാമ പ്രവിശ്യയിലുള്ള സുസാമി നഗരത്തിലാണ് വ്യത്യസ്തമായ ഈ തപാൽപെട്ടി. ഈ വിചിത്രമായ പോസ്റ്റ് ബോക്സ് തേടി നിരവധി സന്ദർശകരും ഇവിടേക്ക് എത്താറുണ്ട്. ലോകത്തിൽ ഇവിടെ മാത്രമാണ് ഇങ്ങനെയൊരു തപാൽപെട്ടി ഉള്ളത്. കടലിനടിയിൽ സ്ഥാപിച്ചിരിക്കുന്ന ഈ തപാൽപ്പെട്ടി ലോകത്തിൽ വെള്ളത്തിനടിയിൽ ഏറ്റവും ആഴത്തിൽ സ്ഥാപിച്ച തപാൽപെട്ടി എന്ന നിലയിൽ ഗിന്നസ് റെക്കോഡും നേടിയിട്ടുണ്ട്. സ്കൂബാഡൈവിംഗിലൂടെ മാത്രമെ ഈ തപാൽപെട്ടിയിൽ കത്തുകൾ പോസ്റ്റ് ചെയ്യാൻ കഴിയും.

കടൽനിരപ്പിൽ നിന്ന് 10 മീറ്റർ ആഴത്തിലാണ് ഈ പോസ്റ്റ് ബോക്സ് സ്ഥാപിച്ചിരിക്കുന്നത്. ഓരോ വർഷവും 1500 ഓളം കത്തുകൾ ഈ ബോക്സിൽ നിന്ന് സ്വീകരിക്കാറുമുണ്ട്. ഇൗ പോസ്റ്റ് ബോക്സിൽ ഇടാനുള്ള വാട്ടർ പ്രൂഫ് പോസ്റ്റ് കാർഡുകളും ഈ ഗ്രാമത്തിൽ ലഭ്യമാണ്. ഇതിൽ എഴുതാനുള്ള പ്രത്യേക പേനകളും ലഭിക്കും. അധികൃതരെത്തി ഏതാനും ദിവസത്തിൽ ഒരിക്കൽ ഈ പോസ്റ്റ് ബോക്സിൽ നിന്ന് കാർഡുകൾ ശേഖരിച്ച് പ്രാദേശിക പോസ്റ്റോഫീസിലേക്ക് കൊണ്ടുപോകും. 1999 ൽ സ്ഥാപിച്ച് ഈ പോസ്റ്റ് ബോക്സ്, എല്ലാ ആറുമാസങ്ങൾ കൂടുമ്പോഴും പുറത്തെടുത്ത് അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും സ്ഥാപിക്കും. കടലിനടിയിൽ ആയതിനാൽ ഇത് വേഗത്തിൽ തുരുമ്പ് പിടിക്കുമെന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്.