photo
ഡോ.പുനലൂർ സോമരാജന്റെ നേതൃത്വത്തിലുള്ള ഗാന്ധിഭവൻ സംഘം പുത്തൂരിലെ സായന്തനം വൃദ്ധസദനം കെട്ടിടം സന്ദർശിച്ചപ്പോൾ

കൊല്ലം: ജില്ലാ പഞ്ചായത്ത് പുത്തൂരിൽ നിർമ്മിച്ച സായന്തനം വൃദ്ധസദനത്തിൽ ഉടൻ ആളനക്കമാകും, വൃദ്ധസദനത്തിന്റെ ചുമതല പത്തനാപുരം ഗാന്ധിഭവന് കൈമാറി. ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, കോട്ടാത്തല ശ്രീകുമാർ, എൻ.രവീന്ദ്രൻ പിള്ള എന്നിവരടങ്ങുന്ന സംഘം പുത്തൂരിലെത്തി വൃദ്ധസദനം കെട്ടിടത്തിന്റെ ഭൗതിക സാഹചര്യങ്ങൾ ബോദ്ധ്യപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ ഇവിടെ പ്രവർത്തനം തുടങ്ങുകയും പുതുവർഷ ആരംഭത്തിൽ വിപുലമായ ഉദ്ഘാടന ചടങ്ങുകൾ നടത്താനുമാണ് ലക്ഷ്യമിടുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആശ്രയമില്ലാതെ കഴിയുന്ന വയോജനങ്ങൾക്ക് ഇവിടം ഇനി അഭയകേന്ദ്രമാകും. ഒന്നാം നില കെട്ടിടമാണ് പൂർത്തിയായിട്ടുള്ളതെങ്കിലും ഇവിടെ അത്യാവശ്യ സൗകര്യങ്ങളെല്ലാമുണ്ട്. ഫർണിച്ചറുകളും അടുക്കളയ്ക്കുള്ള സാമഗ്രികളും അനുബന്ധ സംവിധാനങ്ങളുമൊക്കെ ഉടൻ ഇവിടേക്ക് എത്തിയ്ക്കും. മുൻപ് ജില്ലാ പഞ്ചായത്ത് കരീപ്രയിൽ ശരണാലയം എന്നപേരിൽ വൃദ്ധസദനം തുടങ്ങിയിട്ട് പിന്നീട് ഗാന്ധിഭവനെ നടത്തിപ്പ് ചുമതല ഏൽപ്പിക്കുകയായിരുന്നു. നേരിട്ട് നടത്തിയപ്പോൾ ഏറെ പിന്നാക്കം പോയിരുന്ന ശരണാലയം ഇപ്പോൾ ഏറ്റവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത്.

ഒന്നര കോടി രൂപയുടെ പദ്ധതി

ജില്ലാ പഞ്ചായത്തിന്റെ ഏറ്റവും മികച്ച പദ്ധതികളിൽ ഒന്നായിട്ടാണ് പുത്തൂരിലെ വൃദ്ധസദനത്തെ കണക്കാക്കുന്നത്. 1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം ഒരുക്കിയത്. സെപ്തംബർ ഏഴിനാണ് വൃദ്ധസദനം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തത്. എന്നാൽ പ്രവർത്തനം തുടങ്ങാൻ ഇതുവരി കഴിഞ്ഞിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള കൗമുദി നിരന്തരം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് നടത്തിപ്പ് ചുമതല ഗാന്ധിഭവനെ ഏൽപ്പിയ്ക്കാൻ കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുത്തത്. എഗ്രിമെന്റ് വച്ച് ഗാന്ധിഭവന് കൈമാറുകയും ചെയ്തിരുന്നു. ജില്ലാ പഞ്ചായത്ത് അനുവദിച്ച രണ്ടാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങളും ഉടൻ തുടങ്ങും. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 65 സെന്റ് ഭൂമി ഇതിനായി വിട്ടുനൽകിയതാണ്.