 
തഴവ : ദിവസങ്ങളായി തുടരുന്ന പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ കുലശേഖരപുരം, തഴവ ഗ്രാമ പഞ്ചായത്തുകളിലെ സമ്മതിദായകർ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പോളിംഗ് സ്റ്റേഷനുകളിൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കുലശേഖരപുരം, തഴവ പഞ്ചായത്തുകൾ ചുവപ്പ് കോട്ടകളാണ്. 2000 - 200 5ലാണ് ചരിത്രം തിരുത്തി യു.ഡി.എഫ് ആദ്യമായി കുലശേഖരപുരത്ത് അധികാരത്തിലെത്തിയത്. എന്നാൽ ആധിപത്യം തുടർന്ന് നിലനിറുത്താൻ ഇവർക്ക് കഴിഞ്ഞില്ല. ആകെയുള്ള 25 സീറ്റുകളിൽ ഏഴ് സീറ്റുകൾ മാത്രമാണ് യു.ഡി.എഫിന് നിലവിൽ ഉണ്ടായിരുന്നത്. 2000 ത്തിലെ ചരിത്രം ആവർത്തിക്കുമെന്ന് യു.ഡി.എഫും ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽ.ഡി.എഫും അവകാശപ്പെടുന്നു.
കുലശേഖരപുരത്ത് 47 പോളിംഗ് സ്റ്റേഷനുകൾ
47 പോളിംഗ് സ്റ്റേഷനുകളാണ് കുലശേഖരപുരത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ ഇരുപതിനായിരത്തി നാനൂറ്റി എൺപത്തി രണ്ട് സ്ത്രീകളും പതിനെണ്ണായിരത്തി അറുന്നൂറ്റി അറുപത് പുരുഷൻമാരും ഇന്ന് വോട്ടവകാശം രേഖപ്പെടുത്തും. ആവർത്തിച്ച് കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന കുലശേഖരപുരത്ത് ഇരുന്നൂറ്റി നാൽപ്പത്തി എട്ട് സ്പെഷ്യൽ ബാലറ്റുകളാണ് ഉപയോഗിച്ചത്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു രോഗിയും കുടുംബാംഗങ്ങളും ഉൾപ്പടെ നാല് പേർ ഇന്ന് വൈകിട്ട് 6ന് ശേഷം വോട്ടവകാശം രേഖപ്പെടുത്തും.
തഴവയിൽ 43
ഇടതിന്റെ ഉരുക്ക് കോട്ടയായ തഴവയിൽ 95-2000 ൽ ഒറ്റത്തവണ മാത്രമാണ് യു.ഡി.എഫ് അധികാരത്തിലെത്തിയത്. ആകെയുള്ള ഇരുപത്തിരണ്ട് സീറ്റിൽ യു.ഡി.എഫിന് എട്ട് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. ഇവിടെ നിലവിൽ നാല് സീറ്റുമായി എൻ.ഡി.എയും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിൽ സജ്ജീകരിച്ചിട്ടുള്ള 43 പോളിംഗ് സ്റ്റേഷനുകളിലായി പതിനാറായിരത്തി അഞ്ഞൂറ് പുരുഷൻമാരും പതിനെണ്ണായിരത്തി തൊള്ളായിരം സ്ത്രീകളും വോട്ട് രേഖപ്പെടുത്തും. ഇവിടെ ഇതുവരെ നൂറ്റി പതിനാറ് സ്പെഷ്യൽ ബാലറ്റുകളാണ് ഉപയോഗിച്ചത്.