 
തൊടിയൂർ: വോട്ടെടുപ്പിന് മുന്നോടിയായി സർവ സന്നാഹങ്ങളുമൊരുക്കി പോളിംഗ് സ്റ്റേഷനുകൾ സജ്ജമായി. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു നടക്കുന്ന ഈ തിരഞ്ഞെടുപ്പ് വോട്ടർമാർക്ക് പുതിയൊരനുഭവമാകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെപ്പറ്റി മാദ്ധ്യമങ്ങളിലൂടെയും ഇലക്ഷൻ പ്രവർത്തകർ വഴിയും വ്യക്തമായ അവബോധം ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. രാവിലെ 7ന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് 6 വരെ തുടരും. ആറ് മണിക്കുള്ളിൽ ക്യൂവിൽ സ്ഥാനം പിടിക്കുന്നവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ലഭിക്കും. തൊടിയൂർ പഞ്ചായത്തിലെ 23 വാർഡുകളിലായി 83 പേരാണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫും യു.ഡി.എഫും 23 വാർഡുകളിലും മത്സരിക്കുമ്പോൾ എൻ.ഡി.എ 21 ഇടത്താണ് മത്സര രംഗത്തുള്ളത്. എൽ.ഡി.എഫ് ഭരണം നടത്തിവന്ന പഞ്ചായത്തിൽ 15 വാർഡുകളിൽ സി.പി.എമ്മും 7 വാർഡുകളിൽ സി.പി.ഐയും ഒരുവാർഡിൽ സി.പി.എം സ്വതന്ത്രനുമാണ് ഇക്കുറി മത്സര രംഗത്തുള്ളത്. ഭരണത്തുടർച്ചയുണ്ടാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ് നേതൃത്വം.
യു.ഡി.എഫ് ഓരോ സീറ്റുവീതം ആർ.എസ്.പിക്കും മുസ്ലീംലീഗിനും നൽകിയിട്ടുണ്ട്. ബാക്കി 21 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിൽ എൻ.ഡി.എ സ്ഥാനാർത്ഥികളില്ല. ബാക്കി 21ൽ 20 ഇടത്തും ബി.ജെ.പി സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. ഒരു സീറ്റ് ബി.ഡി.ജെ.എസിന് നൽകിയിട്ടുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് എൻ.ഡി.എ നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. എസ്.ഡി.പി.ഐ ഏഴു വാർഡുകളിലാണ് മത്സരരംഗത്തുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുന്നത് ഒൻപത് പേരാണ്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി കടുത്ത മത്സരമാണ് നടക്കുന്നത്. ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിലെ ഇടക്കുളങ്ങര, തൊടിയൂർ, കല്ലേലിഭാഗം എന്നിങ്ങനെ മൂന്നു ഡിവിഷനുകളാണ്
തൊടിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇവിടങ്ങളിൽ ത്രികോണ മത്സരമാണ് നടക്കുന്നത്. തൊടിയൂർ പഞ്ചായത്താകെ ഉൾപ്പെടുന്നതാണ് ജില്ലാ പഞ്ചായത്ത് തൊടിയൂർ ഡിവിഷൻ.
23 വാർഡുകളിലായി 83 പേരാണ് മത്സര രംഗത്തുള്ളത്