fir

കൊല്ലം: പോളിംഗ് ബൂത്തിന് സമീപത്തെ പോസ്റ്ററുകൾ നീക്കം ചെയ്യുന്നതിനിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേ‌ർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. ആക്രമണത്തിൽ ആംഡ് ബറ്റാലിയനിലെ പൊലീസുകാരനായ റിജിന് കാലിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുണ്ടറ പടപ്പക്കര സ്വദേശികളായ ബിജു, ഷിബിൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ഇന്നലെ ഉച്ചയോടെ കരിക്കുഴിയിലെ പോളിംഗ് ബൂത്തിന് സമീപമായിരുന്നു സംഭവം. ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസറുടെ നേതൃത്വത്തിൽ ബൂത്തിന് സമീപത്തെ ചുവരുകളിലെ പോസ്റ്ററുകൾ നീക്കുന്നതിനിടെ ബിജുവും ഷിബിനും സ്ഥലത്തെത്തി തടയാൻ ശ്രമിച്ചു. ഇവരുടെ എതി‌ർപ്പ് വകവയ്ക്കാതെ പ്രിസൈഡിംഗ് ഓഫീസർ പോസ്റ്ററുകൾ നീക്കം ചെയ്തു. ഇതോടെ പ്രിസൈഡിംഗ് ഓഫീസർക്ക് നേരെ യുവാക്കൾ കൈയ്യേറ്റത്തിന് മുതിർന്നു. ഇത് തടയുന്നതിനിടെയാണ് പൊലീസുകാരന് നേരെ കല്ലേറുണ്ടായത്. സംഭവമറിഞ്ഞ് കൂടുതൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.