 
കൊല്ലം: റൂറൽ ജില്ലയിൽ സമാധാനപരമായി വോട്ടെടുപ്പ് നടത്തുന്നതിന് സുരക്ഷിത സംവിധാനങ്ങൾ സജ്ജം. രണ്ടായിരത്തി മുന്നൂറിനടുത്ത് പൊലീസുകാരെയാണ് റൂറൽ പൊലീസ് ജില്ലയിൽ വിന്യസിച്ചിരിക്കുന്നത്. പത്ത് ഡിവൈ.എസ്.പിമാർ, 36 ഇൻസ്പെക്ടർമാർ, 170 എസ്.ഐ./എ.എസ്.ഐ എന്നിവരുടെ നേതൃത്വത്തിൽ 2094 പൊലീസുകാരെ നിയോഗിച്ചിട്ടുള്ളതായി റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.ഇളങ്കോ പറഞ്ഞു.
15 പ്രശ്‌നസാദ്ധ്യതാ ബൂത്തുകൾ
ജില്ലയിൽ 15 ബൂത്തുകൾ പ്രശ്‌നസാദ്ധ്യതാ ബൂത്തുകളായി കണക്കാക്കുന്നു. തീവ്ര പ്രശ്നസാദ്ധ്യതാ ബൂത്തുകളായി കണക്കാക്കുന്ന അഞ്ചിടത്ത് കനത്ത സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കോട്ടാത്തല, പടപ്പക്കര, മൺറോ തുരുത്ത്, വയയ്ക്കൽ, ചിതറ എന്നിവടങ്ങളിലായിട്ടാണ് തീവ്രപ്രശ്ന സാദ്ധ്യതാ ബൂത്തുകൾ. ഇവ പ്രവർത്തിക്കുന്ന അഞ്ച് കെട്ടിടങ്ങളിലായിത്തന്നെ മറ്റ് ബൂത്തുകളുമുണ്ട്. തീവ്രപ്രശ്നസാദ്ധ്യതാ മേഖലകളിൽ ഇന്നലെ രാവിലെ മുതൽതന്നെ കൂടുതൽ പൊലീസിനെ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. വാഹനങ്ങളിൽ ഇവിടെ ഊടുവഴികൾ ഉൾപ്പടെ നിരീക്ഷിക്കാനും സംവിധാനങ്ങളുണ്ട്. രഹസ്യ പൊലീസിനെയും മോട്ടോർ വാഹന വകുപ്പ് അടക്കം മറ്റ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. മൺറോ തുരുത്തിലെ നാല് ബൂത്തുകൾ എത്തപ്പെടാൻ പ്രയാസമുള്ള ബൂത്തുകളായും കണക്കാക്കുന്നു.
കോട്ടാത്തലയിലും മൺറോത്തുരുത്തിലും കൂടുതൽ കരുതൽ
ഒരാഴ്ച മുൻപുതന്നെ സംഘർഷം ഉണ്ടായ മേഖലയാണ് മൈലം ഗ്രാമപഞ്ചായത്തിൽപ്പെടുന്ന കോട്ടാത്തല. ഇരു വിഭാഗങ്ങൾ ചേരിതിരിഞ്ഞ് അടിയുണ്ടായതിനെ തുടർന്ന് ഏഴുപേരെ റിമാൻഡ് ചെയ്തിരുന്നു. വിമത സ്ഥാനാർത്ഥിയും സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയും തമ്മിൽ സോഷ്യൽ മീഡിയയിലും പൊതുവേദിയിലും തർക്കങ്ങളും ഉണ്ടായിരുന്നു. മുൻപ് സി.പി.എം- ആർ.എസ്.എസ് സംഘർഷം നിലനിന്നിരുന്ന പ്രദേശവുമാണ്. ഈ പശ്ചാത്തലത്തിലാണ് കോട്ടാത്തലയെ തീവ്ര പ്രശ്നസാദ്ധ്യതാ മേഖലയാക്കി കനത്ത സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയത്. റൂറൽ എസ്.പി ആർ.ഇളങ്കോ നേരിട്ട് ഇവിടെ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. കൊലപാതകം നടന്നതിന്റെ അടിസ്ഥാനത്തിലാണ് മൺറോത്തുരുത്ത് കലാപ മേഖലയായി ഇടംപിടിച്ചത്. ഇവിടെയും വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.