കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെടുപ്പ് എന്നിവ സംബന്ധിച്ച വിവരങ്ങളുടെയും കണക്കുകളുടെയും ഏകോപനം കുറ്റമറ്റതാക്കാൻ കളക്ടർ ബി. അബ്ദുൾ നാസർ അദ്ധ്യക്ഷനായ ജില്ലാതല മോണിറ്ററിംഗ് യൂണിറ്റ് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ പ്രവർത്തനമാരംഭിച്ചു.
നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ രൂപം നൽകിയ പോൾ മാനേജർ അപ്ലിക്കേഷൻ വഴിയാണ് യൂണിറ്റിന്റെ പ്രവർത്തനം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ എസ്.പി. ശോഭ എന്നിവർ ഓരോ മണിക്കൂറിലും പോളിംഗ് സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങൾ നിരീക്ഷിക്കും. ഓരോ ബൂത്തുകളിലെയും പ്രിസൈഡിംഗ് ഓഫീസർമാർ, പോളിംഗ് ഓഫീസർമാർ തുടങ്ങിയവർ ഓരോ മണിക്കൂർ ഇടവിട്ട് വിവരങ്ങൾ അപ്ലിക്കേഷനിൽ രേഖപ്പെടുത്തണം. ഇതുവഴി വിതരണ കേന്ദ്രങ്ങളിലെ കണക്കുകൾ, ബൂത്തുകളിലെ പോളിംഗ് ശതമാനം എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ മോണിറ്ററിംഗ് യൂണിറ്റിൽ ലഭിക്കും.
ഹെൽപ്പ് ഡെസ്കുകളും
വിവരങ്ങളുടെ ഏകോപനം കാര്യക്ഷമമാക്കാൻ മോണിറ്ററിംഗ് യൂണിറ്റിന്റെ കൺട്രോൾ റൂമിന് സമീപം 16 വിതരണ കേന്ദ്രങ്ങളുടെയും ചുമതലയുള്ള ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് എന്നിവ അടിസ്ഥാനമാക്കി 2671 പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും ഹെൽപ്പ് ഡെസ്‌കുകൾ പ്രവർത്തിക്കും.
പ്രശ്നബാധിത മേഖലകൾ നിരീക്ഷണത്തിൽ
ജില്ലയിലെ 35 പ്രശ്‌നബാധിത പോളിംഗ് സ്റ്റേഷനുകളിലെ ദൃശ്യങ്ങൾ തത്സമയം ഓൺലൈനായി നിരീക്ഷിക്കാൻ വെബ് കാസ്റ്റിംഗ് സംവിധാനവും മോണിറ്ററിംഗ് യൂണിറ്റിന്റെ കൺട്രോൾ റൂമിൽ സജ്ജമാണ്.