c

ശാസ്താംകോട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് കുന്നത്തൂരിലെ 236 പോളിംഗ് സ്റ്റേഷനുകളും സജ്ജമായി. ബൂത്തുകളിലേക്കാവശ്യമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും സാമഗ്രികളും ശാസ്താംകോട്ട ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് പ്രിസൈഡിംഗ് ഓഫീസർമാർ ഏറ്റുവാങ്ങി . കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ പോളിംഗ് സ്റ്റേഷനുകളും അണുവിമുക്തമാക്കിയിരുന്നു. തുടർന്ന് സെക്ടർ ഓഫീസർമാർ ഇവിടങ്ങളിലെ സൗകര്യങ്ങൾ പരിശോധിച്ചു. പോളിംഗ് ബൂത്തിലേക്ക് കടക്കുന്നതിനു മുൻപ് വോട്ടർമാരുടെ കൈ അണുവിമുക്തമാക്കും. അതിനായി ഏഴ് ലിറ്റർ സാനിറ്റൈസറാണ് ഓരോ ബൂത്തിലേക്കും നൽകിയിരിക്കുന്നത്. അഞ്ച് മണി മുതൽ ആറു വരെയാണ് കൊവിഡ് പോസിറ്റീവായവർക്ക് വോട്ടിംഗിന് അനുവദിച്ചിരിക്കുന്ന സമയം. ഇവർക്കാവശ്യമായ പി.പി.ഇ കിറ്റും പോളിംഗ് ഏജന്റുമാർക്ക് ഉൾപ്പടെയുള്ള മാസ്ക്, ഗ്ലൗസ് തുടങ്ങിയവയും പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് വിതരണം ചെയ്യും.