 
 അദ്ധ്യാപികയെ ചുമതലയിൽ നിന്ന് നീക്കി, പിന്നലെ സസ്പെൻഷൻ
കൊല്ലം: തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്ക് ധരിച്ച് പോളിംഗ് ബൂത്തിൽ ജോലിക്കെത്തിയ വനിതാ പ്രിസൈഡിംഗ് ഓഫീസറെ ജില്ലാ കളക്ടർ ചുമതലയിൽ നിന്നു മാറ്റി. പെരുമാറ്റചട്ടലംഘനം നടത്തിയെന്ന അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദ്ധ്യാപികയെ കളക്ടർ സസ്പെൻഡ് ചെയ്തു.
കൊറ്റങ്കര പഞ്ചായത്തിലെ കോളശേരി നാലാം വാർഡിലെ പോളിംഗ് ബൂത്തായ ജോൺസ് കശുഅണ്ടി ഫാക്ടറിയിലാണ് അരിവാൾ ചുറ്റിക നക്ഷത്രം പതിച്ച മാസ്ക് ധരിച്ച് ഇളമ്പള്ളൂർ കെ.ജി.വി യു.പി സ്കൂളിലെ അദ്ധ്യാപികയായ സരസ്വതി ഡ്യൂട്ടി തുടങ്ങിയത്.
മിനിട്ടുകൾക്കകം മാസ്കിലെ ചിഹ്നം ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് - ബി.ജെ.പി ബൂത്ത് ഏജന്റുമാർ മാസ്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു. കോൺഗ്രസ് പ്രാദേശിക നേതാക്കളും ബൂത്തിലെത്തി. ഏഴരയ്ക്കു മുൻപ് മാസ്ക് മാറ്റി പുതിയത് ധരിച്ചു. എന്നാൽ, തിരഞ്ഞെടുപ്പ് അട്ടിമറിശ്രമം ആരോപിച്ച് ചിത്രം സഹിതം കോൺഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയതോടെ ജില്ലാകളക്ടർ ഉദ്യോഗസ്ഥയെ മാറ്റി പകരം ആളെ ചുമതലപ്പെടുത്തി. പത്തരയോടെയാണ് പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റത്. ആർ.ഡി.ഒ ശിഖ സുരേന്ദ്രൻ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്തത്.
നഗരങ്ങളിൽ ബൂത്തിന്റെ 100 മീറ്റർ പരിധിയിലും ഗ്രാമങ്ങളിൽ ബൂത്തിന്റെ 200 മീറ്റർ പരിധിയിലും ചിഹ്നങ്ങളും വോട്ടഭ്യർത്ഥനകളും പാടില്ലെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് ചിഹ്നം പതിച്ച മാസ്കുമായി വോട്ടർമാർ ബൂത്തിലെത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു.